യാത്രികരെ; തള്ളും, തല്ലും ഒന്നുമില്ല, സുഖയാത്ര; ‘കൊല്ലട’യ്ക്ക് പിന്നാലെ പോകാതെ വരൂ നമ്മൂടെ ആനവണ്ടിയിലേയ്ക്ക്, സമയം അടക്കം നല്‍കി ഒരു കുറിപ്പ്

കാര്യം കുറച്ച് ക്ഷീണിക്കുമെങ്കിലും വഴിയില്‍ കിടന്നാല്‍ വേറെ ബസ് വിട്ടുതന്ന് ഈ ആനവണ്ടി നഷ്ടം നോക്കാതെ ഓടുമെന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പലരും പറയുന്നത്.

തിരുവനന്തപുരം: ഇന്ന് കേരളക്കര ഏറ്റവും ചര്‍ച്ച ചെയ്യുന്ന ഒന്നാണ് കല്ലട ബസിലെ ജീവനക്കാരുടെ മൃഗീയ മര്‍ദ്ദനം. ഒന്നിനു പിന്നാലെ മറ്റൊന്നായി ഇപ്പോള്‍ കല്ലടയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. എന്നിരുന്നാലും മലയാളികള്‍ എപ്പോഴും കല്ലട ബസിനെ മാത്രമാണ് ആശ്രയിക്കുന്നത്. എത്രയെല്ലാം അപമാനിച്ചാലും മര്‍ദ്ദിച്ചാലും വീണ്ടും കല്ലടയെ സമീപിക്കുന്നവരില്‍ കുറവില്ല എന്നു വേണം പറയാന്‍.

എന്നാല്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കല്ലടയുടെ ഗാംഭീര്യത്തിനും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതിനിടയില്‍ താരമാകുന്ന മറ്റൊരാള്‍ കൂടിയുണ്ട്. സര്‍ക്കാരിന്റെ സ്വന്തം വാഹനമായ ആനവണ്ടിയാണ് താരം. യാത്രക്കാരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ അറസ്റ്റ് വരെ സംഭവിച്ചതോടെ നമ്മുടെ ആനവണ്ടി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ‘തള്ളുമില്ല, തല്ലുമില്ല… ദേ ഇത്രേം വണ്ടികളുണ്ട്.. സ്ഥിരമായി തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക്.. കെഎസ്ആര്‍ടിസി എന്നാണ് പേര്…നമ്മുടെ ആനവണ്ടി’. ആനവണ്ടി ബ്ലോഗിലാണ് സംഭവം എത്തിയിരിക്കുന്നത്. സമയവും മറ്റും ഉള്‍പ്പടെയാണ് പങ്കുവെച്ചിരിക്കുന്നത്.

കാര്യം കുറച്ച് ക്ഷീണിക്കുമെങ്കിലും വഴിയില്‍ കിടന്നാല്‍ വേറെ ബസ് വിട്ടുതന്ന് ഈ ആനവണ്ടി നഷ്ടം നോക്കാതെ ഓടുമെന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പലരും പറയുന്നത്. എന്നും സുരക്ഷിതം തന്നെയാണെന്ന് മറ്റ് പലരും. ഐ ലവ് കെഎസ്ആര്‍ടിസി എന്ന തലവാചകത്തോടെ ഈ കുറിപ്പ് വ്യാപകമാവുന്നത്. ബംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്ന് ദിവസേന സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്‌സില്‍ ബസുകളുടെ വിവരങ്ങളാണ് പോസ്റ്റില്‍ പങ്കുവെച്ചിട്ടുള്ളത്.

യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവം പുറത്ത് വന്നതോടെ കല്ലട ബസിനെ കൊല്ലട വണ്ടിയാക്കി ട്രോളന്മാരും രംഗത്തുണ്ട്. സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റും റദ്ദാക്കിയിട്ടുണ്ട്. ഇതിനൊപ്പം കല്ലട ഗ്രൂപ്പിന്റെ എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലുമായിട്ടുണ്ട്. മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയിലും ഉണ്ട്.

Exit mobile version