മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ട് ആനവണ്ടിയോട് പ്രിയം! ജീവനക്കാര്‍ക്ക് മുന്‍പേ എത്തും, അവര്‍ തരുന്ന ഭക്ഷണം കഴിക്കും; ശേഷം ഓടുന്ന ബസിന് എസ്‌കോട്ടായി പുറകെ പായും, ബംഗളൂരുവിലെ കേരള ബസുകള്‍ക്ക് കാവലാളായി ‘ജിന്റോ’

ബംഗളൂരു പീനിയ ബസവേശ്വരാ ബസ് ടെര്‍മിനലിലാണ് ജിന്റോ എത്തുക.

ബംഗളൂരു: നഷ്ടത്തില്‍ പായുന്നതാണെങ്കിലും ആനവണ്ടിയോട് നമുക്കെല്ലാം പ്രത്യേക പ്രിയമാണ്. എന്നാല്‍ ഇവിടെ പതിവ് മാറ്റി കുറിച്ചിരിക്കുകയാണ്. നായയ്ക്കാണ് കെഎസ്ആര്‍ടിസി വണ്ടി തന്റെ ഉപജീവനമായി കൊണ്ടു നടക്കുന്നത്. ആനവണ്ടി കമ്പക്കാരുടെ ഫേസ്ബുക്ക് പേജിലാണ് ജിന്റോ എന്ന നായയുടെ അപൂര്‍വ്വ സ്‌നേഹം പങ്കുവെച്ചത്. കെഎസ്ആര്‍ടിസി ബസുകളെ സ്വന്തം ജീവനുതുല്യം സ്‌നേഹിക്കുകയാണ് ഈ നായ.

ബംഗളൂരു പീനിയ ബസവേശ്വരാ ബസ് ടെര്‍മിനലിലാണ് ജിന്റോ എത്തുക. ജിന്റോയുടെ ഒരു ദിനം ആരംഭിക്കുന്നത് കേരളത്തില്‍ നിന്നും എത്തുന്ന ബസുകള്‍ക്കൊപ്പമാണ്. രാവിലെ ആദ്യ ബസ് എത്തുമ്പോഴേക്കും ജിന്റോ ഡ്യൂട്ടിക്കെത്തും. ആദ്യം യാത്ര കഴിഞ്ഞെത്തിയ ബസുകള്‍ക്ക് ചുറ്റും ഒരു പരിശോധന. ജീവനക്കാരെ വാലാട്ടി സലാം വച്ചാണ് ആദ്യ റൗണ്ട് പരിശോധന നടത്തുന്നത്.

ശേഷം ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് ബസുകള്‍ക്ക് സമീപം കിടന്ന് ഒരു ഉറക്കം കഴിക്കും. അപ്പോഴും ശ്രദ്ധ തന്റെ ബസിന്മേലാണ്. അടുത്തേക്ക് പരിചയം ഇല്ലാത്ത ആളുകളോ വാഹനങ്ങളോ എത്തിയാല്‍ അപ്പോള്‍ തനി സ്വരൂപം എടുക്കും. കൂലിയില്ലാതെ കാവലാളിന്റെ വേഷം ചെയ്യുകയാണ് ഈ ജിന്റോ.

ബസുകള്‍ കേരളത്തിലേക്ക് തിരികെ മടങ്ങുമ്പോഴാണ് കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ച. സ്റ്റാന്‍ഡില്‍ നിന്നും ബസ് പുറത്തേക്ക് പോകും വരെ ബസിനൊപ്പം ഓടി എസ്‌കോര്‍ട്ട് നല്‍കും. അങ്ങനെ കേരളത്തിലേക്കുള്ള ഓരോ ബസും ജിന്റോയുടെ മേല്‍നോട്ടത്തിലാണ് സ്റ്റാന്‍ഡ് വിടുന്നത്. ജിന്റോയുടെ ഈ പ്രവര്‍ത്തി കണ്ടതോടെ ആരാധകരുടെ എണ്ണവും കൂടിയിരിക്കുകയാണ്.

Exit mobile version