പ്രചാരണത്തിന്റെ ആരംഭത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥി, ഇപ്പോള്‍ ജനങ്ങളുടെ സ്ഥാനാര്‍ത്ഥി; എനിക്കെന്ത് ചെയ്യാനാകുമെന്ന് നോക്കുമെന്ന് പി രാജീവ്; ആവേശത്തോടെ കൊച്ചിക്കാരും

എതിരാളികളില്‍ ഒരാള്‍ എംപിയാണ്, ഒരാള്‍ എംഎല്‍എയാണ്. അവര്‍ക്ക് എന്ത് ചെയ്യാനാകും എന്ന് അവരാണ് വിശദീകരിക്കേണ്ടത്.

കൊച്ചി: ഒന്നര മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാണ്. ആവേശപൂര്‍വ്വം സ്ഥാനാര്‍ത്ഥികളും അണികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. പ്രചാരണത്തിന്റെ ആരംഭത്തില്‍ താന്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെന്നും എറണാകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് പറയുന്നു. നേതാവിന്റെ വാക്കുകള്‍ ആവേശത്തോടെ വരവേറ്റിരിക്കുകയാണ് കൊച്ചി.

എതിരാളികളില്‍ ഒരാള്‍ എംപിയാണ്, ഒരാള്‍ എംഎല്‍എയാണ്. അവര്‍ക്ക് എന്ത് ചെയ്യാനാകും എന്ന് അവരാണ് വിശദീകരിക്കേണ്ടത്. തനിക്ക് എന്ത് ചെയ്യാനാകും എന്നാണ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ താന്‍ ജനങ്ങളോട് ചോദിച്ചതെന്ന് പി രാജീവ് പറയുന്നു. അതിന് മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത്. തുടര്‍ന്ന് തനിക്ക് എന്ത് ചെയ്യാനാകും എന്ന് ജനങ്ങളോടും അദ്ദേഹം വെളിപ്പെടുത്തി. ജാതി, മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് ഇടതുപക്ഷത്തിന് എറണാകുളം മണ്ഡലത്തില്‍ കിട്ടിയതെന്ന് പി രാജീവ് പറഞ്ഞു.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍, ഞങ്ങള്‍ വോട്ട് ചെയ്തതല്ലേ, നിങ്ങള്‍ എന്ത് ചെയ്തുവെന്ന് ആരും ചോദിക്കില്ല. പക്ഷേ ആ ഘട്ടത്തിലും ജനങ്ങള്‍ക്കൊപ്പം നിന്നാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് പി രാജീവ് പറഞ്ഞു. ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ തന്റെ ഉത്തരവാദിത്തം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറയുന്നു. തനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ടാകും. പക്ഷേ വികസനകാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസം കാണിക്കില്ല. നാടിനെ മാറ്റിത്തീര്‍ക്കണം, ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തണം എന്നതിനാകും പരിഗണന നല്‍കുകയെന്നും വിജയിക്കും എന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Exit mobile version