ട്രാക്ക് നവീകരണം; സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

തുറവൂരിനും എറണാകുളത്തിനും ഇടയിലാണ് ട്രാക്ക് നവീകരണം നടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം. ട്രാക്ക് നവീകരിക്കുന്നത് കൊണ്ടാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുറവൂരിനും എറണാകുളത്തിനും ഇടയിലാണ് ട്രാക്ക് നവീകരണം നടക്കുന്നത്.

ട്രാക്കിന്റെ നവീകരണം നടക്കുന്നതിനാല്‍ നാല് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 56382 കായംകുളം-എറണാകുളം പാസഞ്ചര്‍, 66302 കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303 എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381 ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയിരിക്കുന്നത്.

ഇതിനു പുറമെ നിരവധി ട്രെയിനുകള്‍ വൈകി ഓടുമെന്നാണ് ദക്ഷിണ റെയില്‍വെ അറിയിച്ചത്. 56380 ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ 45 മിനിറ്റ് പിടിച്ചിടും. 12218 ചത്തീസ്ഗഡ്-കൊച്ചുവേളി കേരള സമ്പര്‍ക് ക്രാന്തി ദ്വൈവാര എക്സ്പ്രസ് 26 മുതല്‍ 28 വരെ കുമ്പളത്ത് 55 മിനിറ്റ് പിടിച്ചിടും. 12484 അമൃത്സര്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് 23ന് 15 മിനിറ്റ് നേരം എറണാകുളം സൗത്തില്‍ പിടിച്ചിടും. 19262 പോര്‍ബന്തര്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് 27ന് 15 മിനിറ്റ് എറണാകുളം സൗത്തില്‍ പിടിച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

Exit mobile version