അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യമന്ത്രി

ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദ്ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിച്ചു.

തിരുവനന്തപുരം: അമ്മയുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദ്ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിച്ചു.

കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. അതേസമയം, കുഞ്ഞിന്റെ ആരോഗ്യനില വിലയിരുത്തുന്നതിന് വേണ്ടി പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഹാരിസ് എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഈ സംഘം രാത്രി ഏഴ് മണിയോടെ രാജഗിരി ആശുപത്രിയിലെത്തുമെന്നും മന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version