തലയ്ക്ക് പരിക്കേറ്റ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി; കുട്ടിയുടെ നില അതീവഗുരുതരം

തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്

ആലുവ: ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെ വൈകീട്ടോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ കുട്ടി എറണാകുളത്ത് താമസിക്കുന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയാണ്.

കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.

വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു.

തുടര്‍ന്ന് ആശുപത്രി വൃത്തങ്ങള്‍ പോലീസിനെയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

Exit mobile version