ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കും; കെ സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് ടിപി സെന്‍കുമാര്‍

ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും സെന്‍കുമാര്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടുമെന്നുമാണ് സെന്‍കുമാറിന്റെ പ്രസ്താവന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടീക്കാറാം മീണയുടെ വിലക്ക് നിലനില്‍ക്കെയാണ് സെന്‍കുമാറിന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയാണെന്നും, ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചര്‍ച്ച ചെയ്യുകതന്നെ ചെയ്യും. കര്‍മ്മസമിതി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതില്‍ യാതൊരു ചട്ടലംഘനവും ഇല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

Exit mobile version