ന്യൂഡല്‍ഹി: ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയാല്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. അനധികൃത നിര്‍മ്മാണങ്ങള്‍ എന്തിനാണ് അറ്റുകുറ്റപണികള്‍ നടത്തി സംരക്ഷിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
കൂടാതെ നിയമവിധേയമായിട്ടുള്ള കെട്ടിടങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാരിന് കോടതി അനുമതി നല്കിയിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി (സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി) നല്‍കിയ റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.
അതേ സമയം നിയമവിധേയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന് ആശ്വസമായി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കണമെന്നായിരുന്നു സമിതി ശുപാര്‍ശ ചെയ്തിരുന്നത്.
ഈ വാദം തള്ളിയ കോടതി നിയമവിധേയമായിട്ടുള്ള തകര്‍ന്ന കെട്ടിടങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
മണ്ഡലകാലത്ത് നിരവധി ഭക്തര്‍ ശബരിമലക്ക് എത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള സൗകര്യമൊരുക്കേണ്ടതുണ്ടെന്നും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ ഒരു ഇടക്കാല ഉത്തരവുണ്ടായാല്‍ അത് പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാരും ദേവസ്വംബോര്‍ഡും കോടതിയെ ബോധിപ്പിച്ചു.