‘നിങ്ങളുടെ ഉടായിപ്പുകളൊന്നും ഇവിടെ വിലപോവില്ല’ ഏഷ്യാനെറ്റിനെ വലിച്ച് കീറി ഒട്ടിച്ചും വെല്ലുവിളിച്ചും വീണാ ജോര്‍ജ്

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സജി ചെറിയാന്‍ തോല്‍ക്കുമെന്നാണ് ഇവര്‍ സര്‍വേ നടത്തി പറഞ്ഞത്.

പത്തനംതിട്ട: ഏഷ്യാനെറ്റ് ചാനലിനെ വലിച്ച് കീറി ഒട്ടിച്ചും വെല്ലുവിളിച്ചും പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് രണ്ടാം ഘട്ട സര്‍വെ ഫലം പുറത്ത് വിട്ടത്. പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നായിരുന്നു ഏഷ്യാനെറ്റ് പ്രവചിച്ചത്. ഇതിനെതിരെയാണ് വീണാ ജോര്‍ജ് മറുപടിയുമായി രംഗത്തെത്തിയത്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഏഷ്യാനെറ്റ് നടത്തിയ സര്‍വേ ഫലങ്ങളും എല്‍ഡിഎഫിന്റെ വിജയവും എടുത്തിട്ടാണ് ചാനലിനെ വീണ കണക്കിന് പരിഹസിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയാണ് ഏഷ്യാനെറ്റിന്റെ സര്‍വേയ്ക്ക് വീണ മറുപടി നല്‍കിയത്. ”ആറന്മുള നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെ ഇറങ്ങി തോല്‍പ്പിക്കുമെന്ന് പറഞ്ഞ ചാനലാണ് ഏഷ്യാനെറ്റ്. പക്ഷേ ആറന്മുളയിലെ ജനങ്ങള്‍ അവരെ തോല്‍പ്പിച്ചതിന്റെ സാക്ഷ്യപത്രമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്റെ വിജയം’.

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സജി ചെറിയാന്‍ തോല്‍ക്കുമെന്നാണ് ഇവര്‍ സര്‍വേ നടത്തി പറഞ്ഞത്. എന്നിട്ടെന്തായി..? സജി ചെറിയാന്‍ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നു’ വീണാ ജോര്‍ജ് ചൂണ്ടി കാണിക്കുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് പരാജയപ്പെടും എന്നും യുഡിഎഫ് തുടര്‍ഭരണമായിരിക്കുമെന്നും പറഞ്ഞ ഏഷ്യാനെറ്റിനെ ജനങ്ങളാണ് തോല്‍പ്പിച്ച ചരിത്രം മറക്കരുതെന്ന് വീണ ഏഷ്യാനെറ്റിനെ ഓര്‍മ്മിപ്പിച്ചു.

ഇപ്പോള്‍ പത്തനംതിട്ട മണ്ഡലത്തില്‍ ജനങ്ങള്‍ നിങ്ങളെ വീണ്ടും തോല്‍പ്പിക്കാന്‍ ഇരിക്കുകയാണ്. ഇവിടെ 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ ജയിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. നിങ്ങളുടെ ഊടായിപ്പുകളൊന്നും ഇവിടെ വിലപോവില്ലെന്നും വീണ തുറന്നടിച്ചു. ഏഷ്യാനെറ്റ് ‘ആജ്തക് ‘ എന്ന ചാനലുമായി കൂട്ടുപിടിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ നടത്തിയ അതേ തന്ത്രം കേരളത്തിലും അവര്‍ പ്രയോഗിച്ചു പരീക്ഷിക്കുകയാണെന്നും വീണാ പറഞ്ഞു. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാമത് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി ഒന്നാമത് ആകുമെന്നും ഒന്നാമത് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി മൂന്നാമത് ആകുമെന്നും പറഞ്ഞുകൊണ്ട് ബിജെപിക്ക് വേണ്ടി നടത്തിയ ആ പ്രചാരണ പണി ഇവിടെ വിലപ്പോവില്ല, ഇത് കേരളമാണെന്നും വീണ ഏഷ്യാനെറ്റിനെ ഓര്‍മ്മിപ്പിക്കുന്നു.

ഏഷ്യാനെറ്റ് സര്‍വേയുടെ സത്യസന്ധതയില്ലായ്മയുടെ ഒരു തെളിവും സ്വന്തം അനുഭവത്തില്‍ നിന്നും വീണ ചൂണ്ടി കാണിക്കുന്നു. ആ അനുഭവം വീണ വിവരിക്കുന്നത് ഇങ്ങനെയാണ് ”ഇതില്‍ മറ്റൊരു രസം കൂടിയുണ്ട്, പത്തനംതിട്ട മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആറ് ദിവസം മുന്‍പ് ഏഷ്യാനെറ്റിലെ ഒരു റിപ്പോര്‍ട്ടര്‍ എന്റെ കൂടെ ഓപ്പണ്‍ ജീപ്പില്‍ കയറി, എന്റെ കൂടെ പല സ്ഥലങ്ങളിലും സഞ്ചരിച്ചു. എന്റെ കൂടെ ഇരിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എന്നോട് പറഞ്ഞു, ഇവിടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്ളൂ, അതില്‍ ഒന്നാമത് നില്‍ക്കുന്നത് നിങ്ങളാണെന്ന്, രണ്ടാമത് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി ആരാണെന്ന് വെളിപ്പെടുത്തില്ലെന്നും നേതാവ് പറഞ്ഞു.

മൂന്നാമത് ഒരു സ്ഥാനാര്‍ത്ഥി ഇല്ല, അവര്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളില്ല, പറയാതെ തന്നെ മനസിലാക്കുവാന്‍ സാധിച്ചു എന്ന് കരുതുന്നുവെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഏഷ്യാനെറ്റിലെ റിപ്പോര്‍ട്ടര്‍ സംസാരിച്ചത് ആറു ദിവസം മുന്‍പാണ്. ആറ്‌ ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തു വിട്ട സര്‍വ്വേ നേരെ വിപരീതവുമായി.

ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഏഷ്യാനെറ്റിന്റെ അഭിപ്രായം നേരെ തിരിഞ്ഞു വരാന്‍ എന്ത് മാറിമായമായമാണ് പത്തനംതിട്ടയില്‍ ഉണ്ടായതെന്നും വീണ ചോദിക്കുന്നു. ഇതുവരെ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തിരുന്നത്, ഇനി ആ വോട്ട് മോള്‍ക്കാണ്, ഇവര്‍ ഇങ്ങനെയെല്ലാം പറയുമ്പോഴാണ് മാറ്റം വരുത്തിയതെന്ന് ഒരു അമ്മ തന്നോട് പറഞ്ഞതായും വീണാ ജോര്‍ജ് പ്രത്യാശയോടെ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ വിശ്വസിപ്പിക്കും പോലെയല്ല ജനം എന്നും നിങ്ങളുടെ ഉടായിപ്പ് സര്‍വ്വേ പൊളിയുന്ന ദിവസമായിരിക്കും വോട്ടെണ്ണല്‍ ഫലം പുറത്തു വരുന്ന ദിവസമെന്നും വീണ ഏഷ്യാനെറ്റിനെ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞു.

Exit mobile version