തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് പുല്ലുവില! ദൈവത്തിന്റെ പേരില്‍ വീണ്ടും വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി

നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിന് തുടക്കമിട്ട് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് നടത്തിയ പ്രസംഗത്തിലാണ് സുരേഷ് ഗോപി ദൈവത്തിന്റെ പേരില്‍ വീണ്ടും വോട്ട് അഭ്യര്‍ത്ഥിച്ചത്

തൃപ്രയാര്‍: തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് പുല്ലുവില കല്പ്പിച്ച് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് വിവാദത്തിലായതിന് പിന്നാലെ വീണ്ടും ദൈവത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.

നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിന് തുടക്കമിട്ട് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് നടത്തിയ പ്രസംഗത്തിലാണ് സുരേഷ് ഗോപി ദൈവത്തിന്റെ പേരില്‍ വീണ്ടും വോട്ട് അഭ്യര്‍ത്ഥിച്ചത്. ശ്രീരാമസ്വാമിയെ സാക്ഷി നിര്‍ത്തി, ആഞ്ജനേയനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു, 23ന് നിങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യേണ്ടി വരും – സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു. പിന്നാലെ പ്രസംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ നോട്ടീസിന് താല്‍ക്കാലിക വിശദീകരണം നല്‍കുകയും വിശദമായ മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഇടയിലാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

Exit mobile version