സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ കളക്ടര്‍ അനുപമയുടെ നടപടി വിവരക്കേട്; കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി വോട്ട് തേടും; ബി ഗോപാലകൃഷ്ണന്‍

ശബരിമല വിഷയം ചര്‍ച്ചയാക്കി തന്നെ വോട്ട് തേടുമെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിത്തന്നെ വോട്ട് തേടുമെന്ന് വ്യക്തമാക്കി.

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ നടപടി വിവരക്കേടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.

അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂര്‍ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ടിവി അനുപമയുടെ നടപടി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയം ചര്‍ച്ചയാക്കി തന്നെ വോട്ട് തേടുമെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിത്തന്നെ വോട്ട് തേടുമെന്ന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version