മുനമ്പം മനുഷ്യക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഈ ഹര്‍ജിക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി പരിഗണിക്കും

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ബോട്ട് ഉടമ അനില്‍ കുമാര്‍ ഇടനിലക്കാരായ പ്രഭു, രവി തുടങ്ങിയവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഈ ഹര്‍ജിക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി പരിഗണിക്കും.

രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറിയില്ലയെന്ന് ഹൈക്കോടതി മുമ്പ് ചോദിച്ചിരുന്നു. എന്നാല്‍ മുനമ്പത്തേത് മനുഷ്യക്കടത്താണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം പോലീസ് നല്ല നിലയിലാണ് നടത്തുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെപ്പേരെ മുനമ്പം തീരത്ത് നിന്ന് വിദേശത്തേക്ക് കടത്തി എന്നതാണ് കേസ്. കഴിഞ്ഞ ജനുവരി 12നാണ് കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് പിടിയിലായ കോവളം സ്വദേശി അനില്‍ കുമാര്‍, ന്യൂഡല്‍ഹി സ്വദേശികളായ പ്രഭു പ്രഭാകരന്‍, രവി സനൂപ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, എമിഗ്രേഷന്‍ ആക്ട്, ഫോറിനേഴ്‌സ് ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Exit mobile version