കരമന കൊലക്കേസിലെ പ്രതികള്‍ പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊലപാതകം നടന്ന സ്ഥലത്തു വെച്ചു പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടന്ന സ്ഥലത്തു വെച്ചു പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിന്റെ മൃതദേഹം നീറമണ്‍കര വനിതാ പോളിടെക്‌നിക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവം നടന്ന അതേ കുറ്റിക്കാട്ടില്‍ പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പിറന്നാളാഘോഷത്തിനു ശേഷം പ്രതികള്‍ അനന്തുവിനെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയ്ക്ക് കാട്ടിനുള്ളില്‍ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുന്‍പാണ് ഈ ആഘോഷങ്ങള്‍ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികള്‍ ഈ പ്രദേശത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നതാണ്.

ദൃശ്യങ്ങളില്‍ ഷര്‍ട്ടിടാതെ ചുവന്ന തോര്‍ത്തുടുത്ത് നില്‍ക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. ബാക്കിയുള്ളവരില്‍ എത്ര പേര്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഈ ആഘോഷത്തില്‍ പങ്കെടുത്തവരിലേക്ക് എല്ലാവരിലേക്കും അന്വേഷണം നീളും. സംഭവത്തില്‍ ബാലു, റോഷന്‍ എന്നിവര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൈയാങ്കളിക്കിടെ നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ രണ്ട് ദിവസമായി അനന്തു ഗിരീഷിന്റെ യാത്രകള്‍ അക്രമിസംഘം നിരീക്ഷിച്ച് മനസിലാക്കി ഇന്നലെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.

ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

Exit mobile version