ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി, വിമര്‍ശിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിലുള്ള നിരാശയും കൊതിക്കെറുവും; സംഘപരിവാര്‍ അണികളുടെ ‘കമന്റ് പാറ്റേണിനെതിരെ’ ശാരദക്കുട്ടി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: സംഘപരിവാര്‍ അണികളുടെ കമന്റ് പാറ്റേണിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ അത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇടതിന്റെ തന്നെ തിരഞ്ഞെടുപ്പു പാനലിലെ സ്ത്രീ പ്രാതിനിധ്യമില്ലായ്മയെ വിമര്‍ശിച്ചാല്‍ അത് സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിലുള്ള നിരാശയും കൊതിക്കെറുവുമാണെന്ന രീതിയില്‍ കമന്റിടുന്ന സംഘപരിവര്‍ അണികള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

പൊതുതാത്പര്യം എന്നത് രാഷ്ട്രീയത്തില്‍ ഒരു വലിയ വാക്കാണ്. വലിയ അര്‍ഥങ്ങളുള്ള വാക്ക്. അതാദ്യം മനസ്സിലാക്കണം. അതിന്റെ അര്‍ഥവ്യാപ്തി മനസ്സിലാക്കണം. എല്ലാറ്റിനേയും വ്യക്തി താത്പര്യങ്ങളെന്നു മാത്രം ചുരുക്കിക്കാണുന്ന അണികള്‍ ഏതു പാര്‍ട്ടിക്കും ശാപമാണ്. കുഴി തോണ്ടി കുളം തോണ്ടി അവര്‍ സ്വയം ഒടുങ്ങുകയേയുള്ളുവെന്ന് ശാരദക്കുട്ടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പിണറായി വിജയനെ അഭിനന്ദിച്ചാല്‍ അവാര്‍ഡിനു വേണ്ടി. ഇടതു പക്ഷത്തെ പിന്തുണച്ചാല്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി. ഇനി ഇടതിന്റെ തന്നെ തിരഞ്ഞെടുപ്പു പാനലിലെ സ്ത്രീ പ്രാതിനിധ്യമില്ലായ്മയെ വിമര്‍ശിച്ചാല്‍ അത് സ്ഥാനാര്‍ഥിത്വം കിട്ടാത്തതിലുള്ള നിരാശയും കൊതിക്കെറുവും . പിന്നെ മറ്റു വിഷയങ്ങളിലേക്കായി ഒരേ വാര്‍പ്പു മാതൃകയിലുള്ള അശ്ലീലത്തെറികള്‍ വേറെയും.

ഇതാണ് സംഘപരിവാര്‍ അണികളുടെ കമന്റ് പാറ്റേണ്‍. കൊച്ചു കുഞ്ഞുങ്ങള്‍ സ്വന്തം മലത്തില്‍ തല്ലി രസിക്കുന്നതു പോലെ ഇവരിങ്ങനെ ഒരേ പ്രവൃത്തിയില്‍ അഭിരമിക്കുകയാണ്. ദുര്‍ഗന്ധവും അറിയുന്നില്ല. വൃത്തികേടും അറിയുന്നില്ല.

പൊതുതാത്പര്യം എന്നത് രാഷ്ട്രീയത്തില്‍ ഒരു വലിയ വാക്കാണ്. വലിയ അര്‍ഥങ്ങളുള്ള വാക്ക്. അതാദ്യം മനസ്സിലാക്കണം. അതിന്റെ അര്‍ഥവ്യാപ്തി മനസ്സിലാക്കണം. എല്ലാറ്റിനേയും വ്യക്തി താത്പര്യങ്ങളെന്നു മാത്രം ചുരുക്കിക്കാണുന്ന അണികള്‍ ഏതു പാര്‍ട്ടിക്കും ശാപമാണ്. കുഴി തോണ്ടി കുളം തോണ്ടി അവര്‍ സ്വയം ഒടുങ്ങുകയേയുള്ളു.

കക്കാട് എഴുതിയ പോത്ത് എന്ന കവിതയിലെ അവസാന വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു.

”വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച
മന്തന്‍ കണ്ണാല്‍ നോക്കി നീ
കണ്ടതും കാണാത്തതുമറിയാതെ
എത്ര തൃപ്തനായിക്കിടക്കുന്നു

നിന്റെ ജീവനിലഴുകിയ
ഭാഗ്യ,മെന്തൊരു ഭാഗ്യം’

എസ്.ശാരദക്കുട്ടി
11.3. 2019′

Exit mobile version