തൃശ്ശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്ന് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ചാവക്കാട് പാലയൂര്‍ സ്വദേശി നഹീമാണ് തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചാവക്കാട് പാലയൂര്‍ സ്വദേശി നഹീമാണ് തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 140 ഗ്രാം ഹാഷിഷ് ഓയില്‍, നാല് എല്‍എസ്ഡി സ്റ്റാമ്പുകള്‍, ആറ് എംഡിഎംഎ പില്‍സ് മിഠായി, മൂന്ന് ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംഎഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് മാര്‍ക്കറ്റില്‍ മൂന്ന് ലക്ഷം രൂപ വില വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു യുവാവിനെ പക്കല്‍ നിന്നും ഇത്രയുമധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകള്‍ പിടികൂടുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. തൃശ്ശൂരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ സംഘത്തിന് ലഭിച്ചത്.

ജില്ലയില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നത് ചാവക്കാട് മേഖലയില്‍ നിന്നാണെന്നും ഇതിന് തൃശ്ശൂരിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഇടനിലക്കാരനെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന മയക്കുമരുന്നുകള്‍ വേണമെന്ന് പറഞ്ഞ് എക്‌സൈസ് സംഘം ഇയാളുമായി കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നുമായി നഹീം തൃശ്ശൂരിലെത്തിയപ്പോള്‍ എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മാസത്തില്‍ രണ്ടുതവണ ഗോവയില്‍ പോകുന്ന ഇയാള്‍ അവിടെ നിന്നാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

Exit mobile version