പോലീസ് നീക്കങ്ങള്‍ ഉള്‍പ്പെടെ ശബരിമല വിഷയത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അറിയിക്കണം..! സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: ശബരിമല സീസണ്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതാത് സമയത്ത് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.പോലീസ് നടത്തുന്ന നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ മറച്ചുവയ്ക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. ഭക്തര്‍ക്ക് സമയക്രമം ഏര്‍പ്പെടുത്തുന്നതിനെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി.

ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതിവിധിയുടെ പകര്‍പ്പ് ഹര്‍ജിക്കാരന് നല്‍കിയ കോടതി ഇത് വായിച്ച ശേഷം വാദം തുടരാന്‍ താല്‍പര്യമുണ്ടോ എന്നറിയിക്കാനും നിര്‍ദേശിച്ചു. ഉച്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

അതേസമയം, ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് ഹൈകോടതി വ്യക്തമാക്കി. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴാണ് ഹൈകോടതി നിരീക്ഷണം.

അന്വേഷണം പ്രഖ്യാപിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ വിവേചനാധികാരമാണ്. കോടതിക്ക് ഇക്കാര്യങ്ങളില്‍ പരിമിതിയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. വിജ്ഞാപനം ഇറക്കേണ്ടത് സര്‍ക്കാറുമാണെന്നും കോടതി വ്യക്തമാക്കി.

Exit mobile version