കലാഭവന്‍ മണിയുടെ മരണത്തോടെ അനാഥമായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാഡിയും..! മണിയുടെ ആ വിശ്രമകേന്ദ്രത്തെ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കള്‍

ചാലക്കുടി: കലാഭവന്‍ മണിയ്ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു പാഡി. ഒഴിവുവേളകളിലും സുഹൃത്തുക്കളുമൊത്തുള്ള സമയങ്ങളും അദ്ദേഹം ചെലവഴിച്ചിരുന്നത് ഈ വിശ്രമകേന്ദ്രത്തിലായിരുന്നു. കളിയും തമാശവും ആയി പാഡി ഒരു രസമായിരുന്നെന്ന് മണിയുടെ കൂട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ പാഡിയുടെ അവസ്ഥ മോശമാണ്. മണിയുടെ മരണത്തോടെ പാഡിയും അനാഥമായി. അതേസമയം മണിയുടെ പ്രിയപ്പെട്ട വിശ്രമകേന്ദ്രത്തെ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്..

കലാഭവന്‍ മണിയെ നായകനും ഗായകനും ആക്കിയ മണിയുടെ സ്വന്തം ചാലക്കുടി പട്ടണത്തിനു അടുത്ത് തന്നെയാണ് പാഡിയും. ഒരു കഥ പോലെ തോന്നുന്ന് സ്ഥലം.. ഒന്നരയേക്കര്‍ ജാതിത്തോട്ടം. പുഴയോട് ചേര്‍ന്ന് ഏറുമാടവും ചെറിയൊരു പുരയും. ഇതാണ് കലാഭവന്‍ മണിയുടെ സ്വന്തം പാഡി. ഏത് കൊടും വേനലിലും തണുപ്പ് തളംകെട്ടിക്കിടക്കും..

എന്നാല്‍ ഈ രസമൊന്നും ഇന്ന് പാഡിക്കില്ല പ്രളയത്തില്‍ ഏറുമാടം പൂര്‍ണമായും നിലംപൊത്തി. തൊട്ടടുത്തുളള പുര തകരുകയും ചെയ്തു. ചിതലരിച്ച് ആരും നോക്കാനില്ലാതെ വീഴാറായ നിലയിലാണ്.

അത്യാസന്ന നിലയില്‍ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പാഡിയില്‍ നിന്നായിരുന്നു. മണിയെ സ്‌നേഹിക്കുന്ന, പാട്ടുകള്‍ നെഞ്ചേറ്റിയ ഒട്ടേറെപ്പേര്‍ ഇന്നും പാഡിയില്‍ എത്തുന്നുണ്ട്. മണ്‍മറഞ്ഞ കലാകാരനോടുള്ള ഒടുങ്ങാത്ത സ്‌നേഹവും ആരാധനയുമാണ് ഇവരെ ഇവിടെയെത്തിക്കുന്നത്.

കൂലിപ്പണിക്കാരനായ അച്ഛന്‍ കുഞ്ഞിരാമന്റെ വിയര്‍പ്പ് വീണ ചാലക്കുടിയിലെ മണ്ണെല്ലാം മണി ഒന്നൊന്നായി സ്വന്തമാക്കിയിരുന്നു. അതിലൊന്നായിരുന്നു മണിക്കേറയിഷ്ടപ്പെട്ട പാഡിയും. അനശ്വര കലാകാരാനായ കലാഭവന്‍ മണിയുടെ ഓര്‍മ്മകളുറങ്ങുന്ന പാഡി എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിക്കാന്‍ കുടുംബം തയ്യാറാകണമെന്നാണ് മണിയുടെ സുഹൃത്തുക്കളുടെ ആവശ്യം.

Exit mobile version