മിന്നല്‍ ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി വീണ്ടും പ്രതികരിച്ചത്.

കൊച്ചി: ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി വീണ്ടും പ്രതികരിച്ചത്.

അതേസമയം, കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ എത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. കാസര്‍കോട് യുഡിഎഫ് ജില്ലാ ഭാരവാഹിയായ കമറുദ്ദീന്റെ സത്യവാങ്മൂലം മാത്രമാണ് ബഞ്ചിലെത്തിയത്. കമറുദ്ദീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മരണം നടന്ന ദിവസം ശരത്‌ലാലിന്റേയും കൃപേഷിന്റേയും മൃതദേഹം ഉണ്ടായിരുന്ന താലൂക്ക് ആശുപത്രിയിലായിരുന്നു താനെന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചു. പിതൃത്വമില്ലാത്ത ഹര്‍ത്താലാണോ യുഡിഎഫിന്റേതെന്ന് കോടതി ചോദിച്ചു.

യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്ന് പത്രങ്ങളില്‍ വന്നിരുന്നുവെന്ന് കോടതി പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തതെങ്കില്‍ അത് തെറ്റാണ് എന്നായിരുന്നു കമറുദ്ദീന്റെ വാദം. ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായിരുന്നില്ലെങ്കില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുവെന്ന പത്രവാര്‍ത്തകള്‍ യുഡിഎഫ് എന്തുകൊണ്ട് നിഷേധിച്ചില്ലെന്നും കോടതി ചോദിച്ചു.

എല്ലാ മാധ്യമങ്ങളിലും യുഡിഎഫ് ഹര്‍ത്താല്‍ എന്ന് തന്നെയാണ് വന്നതെന്ന് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ എജി കോടതിയെ അറിയിച്ചു. ഉത്തരവാദിത്തബോധമുള്ള ഒരു സംഘടനാ നേതാവ് ഹര്‍ത്താലിനെപ്പറ്റി അറിവില്ലെന്ന് പറയുന്നത് തെറ്റെന്നും സര്‍ക്കാര്‍ വാദിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും യുഡിഎഫ് ഹര്‍ത്താലിനെപ്പറ്റി പറഞ്ഞിരുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെപ്പറ്റി അറിയില്ലെന്ന് പറയുന്നത് തെറ്റെന്ന് കോടതി പറഞ്ഞു. ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തുന്നതില്‍ തെറ്റില്ല, അത് ജനാധിപത്യപരമായ അവകാശമാണ്. പ്രതിഷേധിക്കാനുള്ള അവകാശം സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്. എന്നാല്‍ മറ്റുള്ളവരും അതില്‍ ചേരണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല. മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നതാണ് തെറ്റെന്നും കോടതി പറഞ്ഞു.

Exit mobile version