കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

നാലുകിലോ കഞ്ചാവുമായി എരുമേലി കനകപ്പാലം സ്വദേശി ഗിരീഷാണ് പിടിയിലായത്.

കൊച്ചി: കൊച്ചിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. തമിഴ്‌നാട്ടില്‍ നിന്നും പതിവായി കഞ്ചാവ് എറണാകുളത്തെത്തിച്ച് വില്‍പ്പന നടത്തിയിരുന്നയാളെ എക്‌സൈസ് പിടികൂടി. നാലുകിലോ കഞ്ചാവുമായി എരുമേലി കനകപ്പാലം സ്വദേശി ഗിരീഷാണ് പിടിയിലായത്.

എറണാകുളത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ ഒരാളെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എക്‌സൈസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയത് ഗിരീഷാണെന്നായിരുന്നു അന്നത്തെ മൊഴി. ഇതോടെ മറ്റൊരു ലഹരി മരുന്ന് കേസില്‍ റിമാന്‍ഡ് കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഗിരീഷ് വീണ്ടും കച്ചവടം തുടങ്ങിയതായി എക്‌സൈസിന് മനസ്സിലായി.

ആവശ്യക്കാരെന്ന രീതിയിലാണ് ഉദ്യോഗസ്ഥര്‍ ഗിരീഷിനെ സമീപിച്ചത്. ഇവര്‍ക്കായി തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും വാങ്ങിയ നാലു കിലോ കഞ്ചാവുമായി ബസ്സില്‍ വൈറ്റിലയില്‍ എത്തിയപ്പോഴാണ് ഗിരീഷിനെ പിടികൂടിയത്. കിലോയ്ക്ക് 15,000 രൂപ വീതം നല്‍കിയാണ് കമ്പത്ത് നിന്നും ഗിരീഷ് കഞ്ചാവ് വാങ്ങിയത്.

എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിതരണം നടത്തുന്നയാളാണ് ഗിരീഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു. മുമ്പ് ആറു തവണ എറണാകുളത്ത് കഞ്ചാവ് എത്തിച്ചു നല്‍കിയതായി ഗിരീഷ് എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.

Exit mobile version