വേനല്‍ കടുത്തു, ചുട്ടുപഴുത്ത് കേരളം; ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇത്തവണ മലബാര്‍ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനം ചുട്ടുപഴുത്തു തുടങ്ങി. അടുത്ത ആഴ്ച കേരളത്തില്‍ ഉഷ്ണതരംഗം വരെ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത്തവണ മലബാര്‍ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവില്‍ കോഴിക്കോടാണ് താപനില വര്‍ധനവില്‍ മുന്നില്‍. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കൂടി. കേരളത്തിലൊട്ടാകെ ശരാശരി മൂന്ന് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയില്‍ വര്‍ധനവ് ഉണ്ടായെന്ന് കേന്ദ്രനിലയം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ബുധനാഴ്ചയോടെ താപനില ആറ് ഡിഗ്രി വരെ കൂടാമെന്നും ഈ നില ഇനിയും തുടര്‍ന്ന് പോയാല്‍ പന്ത്രണ്ടാം തീയതിയാകുമ്പോഴേക്കും താപനില പത്ത് ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹീറ്റ് ഇന്റെക്‌സ് പ്രകാരവും വലിയ ചൂടാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. വിദേശ ഏജന്‍സികളുടെ കണക്കുകള്‍ കൂടി ക്രോഡീകരിച്ചാണ്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകള്‍ തയ്യാറാക്കുന്നത്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും കരുതലുകള്‍ എടുക്കുകയാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

അതേ സമയം സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ പ്രവചനത്തെ അംഗീകരിച്ചിട്ടില്ല. പരമാവധി മൂന്ന് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നുവെന്നാണ് ഇവര്‍ കണക്കാക്കുന്നത്.

Exit mobile version