യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ പ്രൗഡിയും ചരിത്രവും പേറുന്ന പീരുമേട് പള്ളിക്കുന്ന് പള്ളിയ്ക്ക് 150 വയസ്; ചരിത്രം ഉറങ്ങുന്ന ദേവാലയം കാണാന്‍ വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക്

ഒന്നര നൂറ്റാണ്ട് മുന്‍പ് ഉണ്ടായിരുന്ന ഇരിപ്പിടങ്ങളും ഉപകരണങ്ങളും ഇന്നും ദേവാലയത്തില്‍ ചരിത്രമായി തന്നെ അവശേഷിക്കുന്നുണ്ട്.

കോട്ടയം: യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ പ്രൗഡിയും ചരിത്രവും പേറുന്ന പീരുമേട് പള്ളിക്കുന്ന് പള്ളിയ്ക്ക് 150 വയസ്. ചരിത്രം ഉറങ്ങുന്ന ദേവാലയം കാണാന്‍ വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇവിടെ. കുതിരയെ അടക്കം ചെയ്ത സെമിത്തേരിയും പള്ളിക്കുന്ന് പള്ളിയുടെ പ്രത്യേകതയാണ്.

തിരുവിതാംകൂര്‍ രാജവംശം ദേവാലയ നിര്‍മ്മാണത്തിനായി 15 ഏക്കര്‍ സ്ഥലം സിഎംഎസ് മിഷനറി ആയിരുന്ന ഹെന്‍ട്രി ബേക്കര്‍ ജൂനിയറിന് കൈമാറുകയായിരുന്നു. 1869 ല്‍ യൂറോപ്യന്‍ ശൈലിയില്‍ ഈ ദേവാലയം നിര്‍മ്മിയ്ക്കുകയായിരുന്നു. ചരിത്രമൂല്യവും പൗരാണിക പ്രസക്തിയുമുളള ദേവാലയം ഇംഗ്ലണ്ടിന്റെ കാവല്‍ പിതാവായ സെന്റ് ജോര്‍ജിന്റെ നാമേധയത്തിലാണ്. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ദേവാലയം അതേരൂപത്തില്‍ തന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്.

ഒന്നര നൂറ്റാണ്ട് മുന്‍പ് ഉണ്ടായിരുന്ന ഇരിപ്പിടങ്ങളും ഉപകരണങ്ങളും ഇന്നും ദേവാലയത്തില്‍ ചരിത്രമായി തന്നെ അവശേഷിക്കുന്നുണ്ട്. ഇവിടുത്തെ പുരാതന സെമിത്തേരിയാണ് മറ്റൊരു പ്രത്യേകത. 34 കല്ലറകള്‍ അടങ്ങിയതാണ് ഈ ബ്രിട്ടീഷ് സെമിത്തേരി. മൂന്നാറിലെ കണ്ണന്‍ദേവന്‍ തേയില തോട്ടം ഉള്‍പ്പടെ ആരംഭിച്ച ജോണ്‍ ഡാനിയേല്‍ മണ്‍റോയെ സംസ്‌കരിച്ചത് ഇവിടെയാണ്.

മണ്‍റോയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ സന്തഹ സഹജാരിയായിരുന്ന ഡൗണി എന്ന പെണ്‍കുതിരയെയും ഇവിടെ തന്നെ അടക്കംചെയ്തിരിക്കുന്നു. ദേവാലയവും സന്ദര്‍ശിക്കുവാന്‍ ഇന്നും വിദേശത്തുനിന്ന് ഇവിടെ സംസ്‌ക്കരിച്ചിരിക്കുന്നവരുടെ കുടുംബങ്ങള്‍ എത്താറുണ്ട്.

Exit mobile version