കരള്‍ പകുത്ത് നല്‍കിയിട്ടും അമ്മയോട് യാത്രപോലും പറയാതെ മകള്‍ ആരാധ്യ യാത്രയായി.! ഇത്തവണ സഹായം ചോദിച്ചല്ല വന്നത്.. കണ്ണു നിറച്ച് ഫിറോസ് ലൈവിലെത്തി

കൊച്ചി: നിര്‍ധനരായ ആളുകളുടെ നേര്‍ക്കാഴ്ചകള്‍ പലകുറി പങ്കുവച്ച ആളാണ് സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍. അദ്ദേഹം എല്ലായ്‌പ്പോഴും ആളുകളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വരാറുണ്ട്. ഇപ്പോള്‍ ഇതാ കണ്ണുനിറഞ്ഞ് വികാരധീനനായി ഒരു ലൈവിലെത്തിയിരിക്കുന്നു.

മൂന്നു ദിവസം മുമ്പ് അദ്ദേഹം പ്രാര്‍ത്ഥനയും സഹായവും വേണമെന്ന് അഭ്യര്‍ത്ഥിച്ച് വന്ന മൂന്നുവയസുകാരി ആരാധ്യ ലോകത്തോട് വിട പറഞ്ഞു എന്നറിയിക്കാനാണ് അദ്ദേഹം രാത്രി ലൈവിലെത്തിയത്. ചികില്‍സയ്ക്ക് പണമില്ലാതെ ജീവനോട് വേണ്ടി കൊതിക്കുന്ന അവളുടെ ചിത്രം സോഷ്യല്‍ ലോകത്ത് ഏറെ പ്രചരിച്ചിരുന്നു. ആരാധ്യയുടെ അവസ്ഥ ഫിറോസ് പങ്കുവച്ചതോടെ വന്‍സഹായമാണ് ലഭിച്ചത്. എന്നാല്‍ അവള്‍ സര്‍ജറി കഴിഞ്ഞും ആരോഗ്യവതിയായിരുന്നു പക്ഷെ…

കരള്‍ രോഗത്തിന്റെ പിടിയിലായിരുന്നു ആരാധ്യ. മകള്‍ക്ക് കരള്‍ പകുത്ത് നല്‍കാന്‍ അമ്മ തയ്യാറായി… എന്നാല്‍ സാമ്പത്തികമായി പിന്നോക്കമായിരുന്നു ആ കുടുംബം. അതേസമയം മൂന്നുദിവസത്തിനുള്ളില്‍ കരള്‍ മാറ്റിവച്ചില്ലെങ്കില്‍ കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാവും എന്ന് ഡോക്ടര്‍ അറിയിച്ചതോടെ ഫിറോസും രംഗത്തെത്തി സംഭവം സോഷ്യല്‍ ലോകത്ത് വൈറലായി. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഓപ്പറേഷന് വേണ്ടതിലധികം തുക അവളുടെ അക്കൗണ്ടിലെത്തി.

ഇതിന് ശേഷം കുട്ടി ജീവിതത്തിലേക്ക് മടങ്ങിവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം ഫിറോസ് വിഡിയോയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ കുട്ടിയുടെ അവസ്ഥ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കരള്‍ പകുത്ത് നല്‍കിയിട്ടും മകള്‍ പോയതറിയാതെ ഐസിയുവില്‍ തുടരുകയാണ് അമ്മ. ഇക്കാര്യം ഒരുമാസത്തേക്ക് എങ്കിലും അമ്മ അറിയരുതെന്നാണ് നിര്‍ദേശം. കരള്‍ പകുത്ത് നല്‍കിയതിന് ശേഷമുള്ള ചികില്‍സയ്ക്കായി ഇവര്‍ ആശുപത്രിയില്‍ തുടരുകയാണ്. ഒറ്റമകള്‍ വിട്ടുപോയ സങ്കടത്തില്‍ തകര്‍ന്നിരിക്കുകയാണ് പിതാവും. പ്രവാസികളടക്കം സഹായിച്ച് ലക്ഷങ്ങളുടെ സഹായമാണ് ആരാധ്യയുടെ ജീവന്‍ കാക്കാന്‍ എത്തിയത്. എന്നാല്‍ ഇന്നലെ രാത്രിയോടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ആരാധ്യ വേദനയില്ലാത്ത ലോകത്തേക്ക് പോയതായി ഫിറോസ് സോഷ്യല്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.

Exit mobile version