നാമജപ പ്രതിഷേധം നടത്തുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചു..! രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം നാമജപ പ്രതിഷേധം നടത്തുന്നതിനിടെ പോലീസ് മര്‍ദ്ദിച്ച പരാതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. സരോജ സുരേന്ദ്രന്‍ എന്ന യുവതിയാണ് അകാരണമായി പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഹര്‍ജി നല്‍കിയത്. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ കക്ഷിചേര്‍ന്നിരുന്നു. യുവതികളുടെ ഹര്‍ജി ദുരുദ്ദേശപരമാണെന്നും പബ്ലിസിറ്റി ലക്ഷ്യമിട്ടാണെന്നുമാരോപിച്ചായിരുന്നു സരോജയുടെ നടപടി. ഇവര്‍ ഭക്തകളല്ലെന്നും ഇത്തരത്തിലുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കാനും ശ്രദ്ധ പിടിച്ചുപറ്റാനുമാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

നേരത്തെ നല്‍കിയ ഹര്‍ജിയിലും പൊലീസ് മര്‍ദ്ദനത്തിന്റെ കാര്യം ഇവര്‍ പരാമര്‍ശിച്ചിരുന്നു. പമ്പയില്‍ ശരണം വിളിച്ചുകൊണ്ടിരിക്കെയായിരുന്നു പൊലീസ് ലാത്തിവീശിയത്. ഇതില്‍ തനിക്ക് പരിക്കേറ്റിരുന്നുവെന്നാണ് സരോജ പറഞ്ഞത്.

Exit mobile version