നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന നിയമം എവിടെ ഉണ്ട്..! അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിനു ദോഷം വരുത്താന്‍ ഏത് പ്രായത്തിലുള്ള സ്ത്രീ വിചാരിച്ചാലും സാധിക്കില്ല; തുറന്നടിച്ച് എഴുത്തുകാരി പ്രൊഫസ്സര്‍ എം ലീലാവതി

കൊച്ചി: നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന നിയമം എവിടെയാണ് നിലവിലുള്ളത്. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിനു ദോഷം വരുത്താന്‍ ഏത് പ്രായത്തിലുള്ള സ്ത്രീ വിചാരിച്ചാലും സാധിക്കില്ല..അഭിപ്രായംവ്യക്തമാക്കി എഴുത്തുകാരി പ്രൊഫസ്സര്‍ എം ലീലാവതി രംഗത്ത്. സ്ത്രീയുമായുള്ള സമ്പര്‍ക്കത്തിലല്ലാതെ സ്ത്രീകളെ കാണുന്നതില്‍ നിന്ന് നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് വിലക്കില്ല.

ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, രമണ മഹര്‍ഷി എന്നിവര്‍ നൈഷ്ഠിക ബ്രഹ്മചാരികള്‍ തന്നെയായിരുന്നു. എന്നാല്‍ സ്ത്രീകളെ ദര്‍ശിക്കാന്‍ പാടില്ലെന്ന് ഇവരാരും വിചാരിച്ചിരുന്നില്ല. ശാരദാമണി ദേവിയെ കാണില്ലെന്ന് പരമഹംസര്‍ തീരുമാനിച്ചില്ല. മാത്രമല്ല സ്വാമി വിവേകാനന്ദനാണ് ഏറ്റവും കൂടുതല്‍ സ്ത്രീ ആരാധകര്‍ ഉണ്ടായിരുന്നത്. ലീലാവതി ടീച്ചര്‍ പറയുന്നു.

എം ലീലാവതി ടീച്ചറുടെ വാക്കുകള്‍:

ശബരിമലയില്‍ കഴിയുന്ന ശാസ്താവിന് നാരായണ ഗുരുവിനെയോ, വിവേകാനന്ദനെയോ, പരമഹംസനെയോ പോലെ സ്വന്തം ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാനാവില്ലെന്നു ഭക്തര്‍ കരുതുന്നുണ്ടോ..? സ്വന്തം ചിത്തവൃത്തി നിരോധനം മനുഷ്യരെപ്പോലെ സാധ്യമല്ലാത്തവരാണോ ദൈവങ്ങള്‍..? സ്ത്രീകള്‍ക്കെതിരെ പടപൊരുതുന്ന വീരപുരുഷന്മാര്‍ക്ക് മുന്നില്‍ ഞാനീ ചോദ്യങ്ങള്‍ സമര്‍പ്പിക്കുകയണ്.

സ്ത്രീകള്‍ നിലവിലുള്ള ആചാരങ്ങള്‍ ലംഘിക്കണമെന്നൊന്നും തനിക്ക് ആഗ്രഹമില്ല.
57ാമത്തെ വയസിലാണ് താന്‍ ശബരിമലയില്‍ പോകുന്നത്. അതില്‍ തെല്ലും ദുഖമില്ല. 50 വയസ്സ് കഴിഞ്ഞേ മല കയറൂ എന്ന് വിശ്വസിക്കുന്ന സ്ത്രീകളെ എതിര്‍ക്കാനും താന്‍ ഉദ്ദേശിക്കുന്നില്ല. അത് കാരണം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം തട്ടും എന്നൊന്നും വിചാരിച്ചിട്ടല്ല, കലാപമുണ്ടാക്കാന്‍ നിരവധി ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ അതിനു ഒരു കാരണക്കാരിയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാലാകാലങ്ങളായി നിലനിന്നിരുന്ന ആചാരങ്ങളെ എതിര്‍ക്കാന്‍ പാടില്ല എന്ന് പറയുന്നത് ദുര്‍ബലമായ ഒരു വാദമാണ്.

നരബലിയും മൃഗബലിയും പണ്ട് വിശ്വാസത്തിന്റെ ഭാഗമായിരുന്നു. പശുവിനെ കൊലചെയ്ത് വിശ്വാസം സംരക്ഷിക്കുന്നതിന് പകരം പശുവിന്റെ രൂപത്തിലാക്കിയ ധാന്യമാവിനെ പ്രതീകാത്മകമായി ബലികഴിപ്പിക്കുന്ന ആചാരം നിലവില്‍ വന്നു. മനുഷ്യരുടെ തലവെട്ടി ദൈവത്തെ പ്രീതിപ്പെടുത്തുന്ന ആചാരങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇതിനു പകരമാണ് ഇപ്പോള്‍ തേങ്ങയുടച്ചാല്‍ മതി എന്നുള്ള രീതി നിലനില്‍ക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ചോരക്ക് പകരം മഞ്ഞളും മറ്റും കലക്കിയെടുത്ത വെള്ളം ഉപയോഗിച്ചാല്‍ മതിയെന്ന നില വന്നു.

അവര്‍ണ്ണര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചാല്‍ ദൈവകോപം ഉണ്ടാകുമെന്നു പൂജാരികളും സവര്‍ണ്ണഭക്തരും വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഒരു ദേവനും അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. കാലങ്ങള്‍ കഴിയുമ്പോള്‍ ദൈവചൈതന്യം വര്‍ദ്ധിക്കുകയാണെന്നാണ് തെളിയുന്നത്. ശ്രീകോവിലില്‍ കയറി ബിംബം തൊടാം എന്ന നിയമം വരുമോ എന്നാണ് വിശ്വാസികളും പുരോഹിതന്മാരും ഭയപ്പെടുന്നത്. എന്നാല്‍ പുരുഷന്മാര്‍ ബിംബം തൊടാത്തിടത്തോളം കാലം സ്ത്രീകളും ലിംഗനീതിയുടെ വാദം ഉന്നയിക്കില്ല.

സുപ്രീം കോടതിവിധി ലിംഗനീതിയിലധിഷ്ഠിതമാണ്. അത് വിശ്വാസങ്ങള്‍ക്കെതിരല്ല. ശ്രീകോവിലില്‍ പൂജാരിക്കല്ലാതെ എല്ലാവര്‍ക്കും കയറാം എന്ന ഹര്‍ജി വരികയാണെന്ന് വെക്കാം.വിശ്വാസങ്ങളില്‍ ഇടപെടില്ല എന്ന നിലപാടായിരിക്കും സുപ്രീം കോടതി കൈക്കൊള്ളുക. ഭരണഘടനയിലെ നിര്‍ദ്ദേശങ്ങള്‍ മാറ്റി മറിക്കാനുള്ള അധികാരമുള്ളത് ജനപ്രതിനിധി സഭക്ക് മാത്രമാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു മറ്റൊരു നിയമം കൊണ്ട് വരാന്‍ പാര്‍ലമെന്റിനു അധികാരമുണ്ട്. കേന്ദ്രത്തിലുള്ള ഭരണകക്ഷിക്ക് ഈ നിരോധനം നിലനില്‍ക്കണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു ഓര്‍ഡിനന്‍സ് അവതരിപ്പിക്കാവുന്നതാണ്. ഇങ്ങനെയൊരു എളുപ്പവഴി മുന്നിലുള്ളപ്പോള്‍ ആള്‍ക്കാരെ എന്തിനാണിങ്ങനെ തമ്മില്‍തല്ലിക്കുന്നത്?.

എന്നാല്‍ ഇങ്ങനെയൊരു നിയമം പാസ്സാക്കിയെടുത്താല്‍ ഭൂതകാലത്തെ അന്ധതയിലേക്ക് തിരിച്ചുപോകുക എന്നതായിരിക്കും ഇന്ത്യയിലെ സ്ത്രീകളുടെ വിധി. ഇന്ത്യയിലെ സ്ത്രീപുരുഷാധികള്‍ ഈവിധം അന്ധകാരത്തിലേക്ക് പോകുകയാണെങ്കില്‍ അയ്യപ്പന് പോലും അവരെ രക്ഷിക്കാനാകില്ല. മാളികപ്പുറത്തമ്മയെ അരികത്തിരുത്തി ആരാധിക്കുന്ന ശാസ്താവ് ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് വിലക്കിയിരുന്നെന്നതിന് യാതൊരു തെളിവുമില്ല. തന്ത്രികുടുംബത്തിനു പാര്‍ലമെന്റിനെ കീഴ്‌പ്പെടുത്താനുള്ള ശക്തിയുണ്ടെങ്കില്‍ അവരത് ചെയ്യട്ടെ. എന്നാല്‍ അപ്പോള്‍പോലും തങ്ങളുടെ വംശം നിലനിര്‍ത്താന്‍ അവര്‍ക്ക് സ്ത്രീകളുടെ സഹായം വേണ്ടി വരും.

ഈ വിഷയത്തെ കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നതിനാല്‍ തനിക്ക് സുപ്രീം കോടതി വിധിയോട് പൂര്‍ണ്ണ യോജിപ്പാണ്. ഇനി സുപ്രീം കോടതി യുവതീപ്രവേശനത്തിനു വിരുദ്ധമായി വിധി പുറപ്പെടുവിച്ചാലും തന്റെ നിലപാട് ഇത് തന്നെ ആയിരിക്കും. യുക്തിചിന്തയില്‍ മാത്രമല്ല വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. എന്റെ നിലപാട് മാറ്റാന്‍ ശ്രമിച്ചുകൊണ്ട്, ശകാരങ്ങളും അനുനയങ്ങളുമായി നിരവധി കത്തുകള്‍ വരുന്നുണ്ട്. തന്റെ നിലപാടിനെ അഭിനന്ദിക്കുന്നവരും ഉണ്ട്. തന്റെ നിലപാട് പെട്ടെന്ന് ഉണ്ടായിവന്നതല്ല. ഏറെ ചിന്തിച്ചാണ് താന്‍ ഇത്തരം ഒരു നിലപാടിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ തന്റെ മനസ്സ് മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ല.

Exit mobile version