എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.! മുഖ്യമന്ത്രിക്ക് നിര്‍ണായകം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകമായ എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി നല്‍കിയ വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അപ്പീലുകളുമാണ് കോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസുമാരായ എന്‍ വി രമണ, മോഹന ശാന്ത ഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. നാല് ഹര്‍ജികള്‍ ഒരുമിച്ചാണ് പരിഗണിക്കുന്നത്.

ഇന്ന് പരിഗണിക്കുന്ന ഹര്‍ജികളില്‍ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് നിര്‍ണായകം. അന്ന് വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. ഇതോടൊപ്പം കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരായ എംവി രാജഗോപാല്‍,
ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരും, കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീലും നല്‍കിയിരുന്നു.

2017 ആഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എന്നാല്‍ കേസില്‍ പിണറായിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, പിണറായി അറിയാതെ ഇടപാട് നടക്കില്ലെന്നുമാണ് സിബിഐയുടെ വാദം.

തങ്ങളെ മാത്രം വിചാരണയ്ക്ക് വിധിച്ച നടപടി വിവേചനപരമാണെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്.

Exit mobile version