ജീവിതത്തില്‍ ആദ്യമായി ഒരു മോഷണം നേരില്‍ കണ്ടു..! പകച്ച് നില്‍ക്കാതെ ഗൂഗിള്‍ സഹായത്തോടെ പോലീസിനെ വിവരമറിയിച്ച് മോഷ്ടാവിന്റെ പിന്നാലെ കൂടി, ദേവഗംഗ താരമായത് ഇങ്ങനെ

തൃശൂര്‍: ജീവിതത്തില്‍ ആദ്യമായി ഒരു മോഷണം നേരില്‍ കണ്ടതിന്റെ പകപ്പിലാണ് കോളജ് വിദ്യാര്‍ത്ഥിനി ദേവഗംഗ. എന്നാല്‍ ആ കൊച്ചുമിടുക്കി ഇന്ന് നാട്ടിലെ താരമാണ്… തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയാണ് ദേവഗംഗ..

തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോകുമ്പോഴായിരുന്നു ആ സംഭവം.യാത്ര കെഎസ്ആര്‍ടിസി ബസിലായിരുന്നു. താന്‍ ഇരുന്ന സീറ്റിന്റെ തൊട്ടടുത്തിരിക്കുന്നത് ഒരു ചേച്ചിയാണ്. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഈ ചേച്ചി സീറ്റില്‍ നിന്ന് എണീറ്റു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍. എണീക്കുന്നതിനിടെ, മറ്റൊരു സ്ത്രീ സീറ്റിലിരിക്കാന്‍ അടുത്തേയ്ക്കു വന്നു. ഈ സീറ്റു മാറ്റത്തിനിടെ ഞൊടിയിടയില്‍ ബാഗില്‍ നിന്ന് പഴ്‌സ് മോഷ്ടിക്കുന്നതായിരുന്നു കണ്ടത്. പെട്ടന്ന് തുറന്ന് പറയാനുള്ള ധൈര്യം കിട്ടിയില്ല. ജീവിതത്തില്‍ ആദ്യമായി ഒരു മോഷണം നേരില്‍ കണ്ടതിന്റെ പകപ്പിലായിരുന്നു.

പഴ്‌സ് ബാഗില്‍ നിന്ന് നഷ്ടപ്പെട്ടതറിയാതെ ആ ചേച്ചി ബസില്‍ നിന്നിറങ്ങി. മോഷ്ടാവായ സ്ത്രീ പിന്നെ വന്നിരുന്നത് തൊട്ടടുത്തും. നെഞ്ചിടിപ്പ് കൂടിയ ആ നിമിഷം ഇനിയെന്ത് ചെയ്യുമെന്ന് മനസില്‍ ആലോചിച്ചു. മോഷ്ടാവായ സ്ത്രീ എന്തു ചെയ്യാനും മടിക്കില്ലെന്ന പേടിയും ഉള്ളിലുണ്ട്. മോഷ്ടാവായ സ്ത്രീയുമായി അല്‍പം അകലം കിട്ടി. ആ സമയം കുറച്ചു ധൈര്യം തോന്നി. അപ്പോഴാണ് മനസില്‍ ഒരു ഐഡിയ തോന്നിയത്.

പിന്നെ ഒന്നും നോക്കിയില്ല ഗൂഗിള്‍ ‘ദൈവമേ’ എന്ന് ഒറ്റ വിളി….
സ്മാര്‍ട് ഫോണെടുത്ത് ഗൂഗിളില്‍ ചാലക്കുടി പോലീസ് സ്റ്റേഷന്‍ നമ്പര്‍ സെര്‍ച്ച് ചെയ്തു. നമ്പറെടുത്ത് പതുക്കെ ഫോണില്‍ വിളിച്ചു. സ്റ്റേഷനില്‍ ഒരു പോലീസുകാരന്‍ ഫോണെടുത്തു. ”ഞാന്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയാണ് ഇപ്പോള്‍. തൊട്ടടുത്തിരിക്കുന്നത് മോഷ്ടാവായ സ്ത്രീയാണ്. നേരത്തെ, ഒരു യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിക്കുന്നത് നേരില്‍ കണ്ടു. ഞാന്‍ ഇപ്പോള്‍ ചാലക്കുടി എത്താറായി. ഹൈവേയിലേക്ക് എത്താമോ. എന്റെ ഫോണ്‍ നമ്പര്‍ ഇതാണ്.” ഇത്രയും പറഞ്ഞ ശേഷം ഫോണ്‍ കട്ട് ചെയ്തു. തൊട്ടടുത്ത നിമിഷം കാണുന്നതാകട്ടെ മോഷ്ടാവായ സ്ത്രീ ബസില്‍ നിന്ന് ഇറങ്ങാന്‍ പോകുന്നു.

പിന്നെ, രണ്ടും കല്‍പിച്ച് മോഷ്ടാവിന് പുറകെ ബസില്‍ നിന്നിറങ്ങാന്‍ താനും തീരുമാനിച്ചു. ഒന്നും നോക്കിയില്ല മോഷ്ടാവിന് പിന്നാലെ വച്ചുപിടിച്ചു. ആ സ്ത്രീ ബസ് സ്റ്റോപ്പില്‍ ഇരുന്നപ്പോള്‍ ശ്രദ്ധ പതുക്കെ എന്നിലേക്ക് കേന്ദ്രീകരിച്ചു. ഈ സമയം, പോലീസുകാരുടെ വിളി വന്നു. ലൊക്കേഷന്‍ പറഞ്ഞു കൊടുത്തു. പോലീസ് പാഞ്ഞെത്തി. ഈ സമയം പന്തികേടു തോന്നിയ മോഷ്ടാവ് നേരെ അടുത്ത ബസില്‍ കയറി. പോലീസിനോട് പറഞ്ഞു ‘സാര്‍ ആ ബസില്‍ മോഷ്ടാവുണ്ട്. വേഗം അതിനു പുറകെ പോകൂ. ഞാനും വരാം നിങ്ങളുടെ കൂടെ..’ ജീവിതത്തില്‍ ആദ്യമായാണ് പോലീസ് ജീപ്പില്‍ കയറുന്നത്. ബസിനെ മറികടന്ന പോലീസ് യാത്രക്കാരുടെ ഇടയില്‍ നിന്ന് ആ മോഷ്ടാവിനെ കയ്യോടെ പൊക്കി. നേരത്തെ മോഷ്ടിച്ച പഴ്‌സും കണ്ടെടുത്തു……

Exit mobile version