മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് സെല്‍ഫി, കുട്ടികള്‍ക്കൊപ്പം ആട്ടവും പാട്ടും; കേരളത്തിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ശരതും കൃപേഷും..!

കാസര്‍കോട്: മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് കുട്ടികള്‍ക്കൊപ്പം ആടി പാടി ഫോട്ടോ എടുത്ത ശരതും കൃപേഷുമാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ഇത്ര നേരം തങ്ങളോടൊപ്പം കളിച്ചു ചിരിച്ച ചേട്ടന്മാരാണ് മരണക്കിടക്കയിലുള്ളതെന്ന് വിശ്വസിക്കാന്‍ ആ കുരുന്നുകള്‍ക്ക് ആകുമായിരുന്നില്ല. കല്യോട്ട് പെരുങ്കളിയാട്ട സ്വാഗത സംഘ രൂപീകരണ യോഗത്തിന് ശേഷം, അവസാനമായി എടുത്ത ശരതിന്റെ ഫോട്ടോയാണ് കേരളത്തിന്റെ നെഞ്ചില്‍ വീണ്ടും കനല്‍ കോരിയിടുന്നത്.

കല്യോട്ടെ എല്ലാ ആഘോഷ പരിപാടികളിലും ശരത് മുമ്പന്തിയിലായിരുന്നു. ക്ലബ്ബിന്റെയും ക്ഷേത്രകമ്മിറ്റികളുടെയും പരിപാടികളില്‍ നാടകം സംവിധാനം ചെയ്തിരുന്നത് ശരത് ആയിരുന്നു. മംഗളുരുവില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ശരത് നാട്ടിലെ പരിപാടികളിലെല്ലാം സജീവമായിരുന്നു.

ശരതിന്റെ ഉറ്റ ചങ്ങായി ആയിരുന്നു കൃപേഷ്. കല്ല്യോട്ടെ വാദ്യകലാസംഘത്തിന്റെ പരിപാടികളില്‍ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാന്‍ കൃപേഷും ഉണ്ടാകുമായിരുന്നു. ഈ വാദ്യകലാസംഘത്തിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടതോടെയാണ് ഇവിടുത്തെ സംഘര്‍ഷം തുടങ്ങിയത്. എന്നാല്‍ യോഗത്തിന് ശേഷം ശരത്തിനെ തല്‍ക്കാലം നാട്ടില്‍ നിന്നു മാറ്റിനിര്‍ത്തുന്ന കാര്യം വീട്ടുകാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ശരത്തിനെയും കൃപേഷിനെയും ഏറെ നാളായി നിരീക്ഷിച്ചിരുന്ന അക്രമിസംഘം ഇത് അറിഞ്ഞുതന്നെയാകാം കൊലയ്ക്ക് ആ ദിവസം തന്നെ തെരഞ്ഞെടുത്തതും.

കല്യോട്ട് പെരുങ്കളിയാട്ട സ്വാഗത സംഘ രൂപീകരണ യോഗം കഴിഞ്ഞു മടങ്ങിവരുംവഴി ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടു. എപ്പോഴും ഒരുമിച്ചുണ്ടാകുന്ന സുഹൃത്തുക്കള്‍ അങ്ങനെ മരണത്തിലും ഒരുമിച്ച് യാത്രയായെന്നാണ് നാട്ടുകാര്‍ അലമുറയിട്ട് കരയുമ്പോളഴും പറയുന്നത്…

ശരത്ലാല്‍ വെട്ടേറ്റു കിടക്കുന്നതു നേരിട്ടു കണ്ട സഹോദരി അമൃതയുടെ ഞെട്ടലും മാറിയിട്ടില്ല. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണ് അമൃത വീട്ടിലേക്കുള്ള വഴിയരികില്‍ വെട്ടേറ്റു കിടക്കുന്ന സഹോദരനെ കണ്ടത്.

Exit mobile version