പ്രീതാ ഷാജിയ്ക്ക് ആശ്വാസം.! പ്രീതയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി; 43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ സ്വത്ത് കൈവശം എടുക്കാം

കൊച്ചി: പ്രീതാ ഷാജിയ്ക്ക് ആശ്വാസം. പ്രീതയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. മാത്രമല്ല ഉടമ 43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ സ്വത്ത് കൈവശം എടുക്കാം എന്നും കോടതി നിര്‍ദേശിച്ചു. ഒരു ലക്ഷത്തി എണ്‍പത്തിഒമ്പതിനായിരം രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം.

അതേസമയം പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എംവി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

സുഹൃത്തിന് ജാമ്യംനിന്നതിന്റെ പേരില്‍ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ജപ്തി നേരിട്ട പ്രീത ഷാജിയും കുടുംബവും 26ന് വീട് ഒഴിയണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു.
2005ലാണ് ട്രിബൂണല്‍ വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. മൂന്നുവര്‍ഷത്തെ കാലാവധിക്കുള്ളില്‍ വിധി നടപ്പാക്കണമെന്ന വ്യവസ്ഥ ബാങ്ക് പാലിച്ചില്ലെന്നും ഒമ്പതുവര്‍ഷം കഴിഞ്ഞ് 2018ലാണ് വസ്തു ലേലത്തില്‍ വിറ്റതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

1994ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്ന കുടുംബം 2.7 കോടി രൂപയുടെ കടക്കെണിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡിആര്‍ടി) ലേലത്തില്‍ വിറ്റത്. ഇതിനെ ചോദ്യം ചെയ്താണ് എം വി ഷാജി അപ്പീല്‍ ഫയല്‍ ചെയ്തത്.

Exit mobile version