രോഗിയുടെ കാലില്‍ ട്രേ വെച്ച നഴ്‌സിന് ഡോക്ടര്‍ ശിക്ഷനടപ്പാക്കി; ഡോക്ടറുടെ ഭാഗത്തു വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പ്, ഡോക്ടറെ സ്ഥലംമാറ്റി

കോട്ടയം: സര്‍ജറി കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ കാലില്‍ ട്രേ വെച്ച നഴ്‌സിന്റെ കാലില്‍ ട്രേ വെച്ചു ശിക്ഷനടപ്പാക്കിയ ഡോക്ടറെ സ്ഥലംമാറ്റി. കോട്ടയം മെഡിക്കല്‍ കോളജിലാണ് സംഭവം. ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ജോണ്‍ എസ്. കുര്യനെയാണ് സ്ഥലംമാറ്റിയത്. അതേസമയം ഡോക്ടര്‍ക്കു പകരം നിയമനം നല്‍കിയിട്ടില്ല. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു നഴ്‌സുമാരും ജീവനക്കാരും പണി മുടക്കിയതിനെത്തുടര്‍ന്നു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സ്ഥലംമാറ്റം. ഡോക്ടറുടെ ഭാഗത്തു വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും സര്‍ക്കാരിനെ അറിയിച്ചു. കോഴ്‌സ് കഴിഞ്ഞു പരിശീലനത്തിന് എത്തിയ നഴ്‌സിനെയാണു ശിക്ഷിച്ചത്.

നഴ്‌സിന്റെ ചെയ്തികള്‍ കണ്ടെത്തിയ ഡോക്ടര്‍ നഴ്‌സിനെ കട്ടിലില്‍ കിടത്തി ട്രേ കാലില്‍ വച്ചു ശിക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ ശോഭയുടെ നേതൃത്വത്തിലുളള ഡോക്ടര്‍മാരുടെ സംഘം അന്വേഷണം ആരംഭിച്ചു. 3 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് അറിയിച്ചു. നഴ്‌സുമാരുടെയും ജീവനക്കാരുടെയും എല്ലാ സംഘടനകളും ഇന്നലെ രാവിലെ 8 മുതല്‍ ജോലിയില്‍ നിന്ന് വിട്ട് നിന്നാണ് പ്രതിഷേധിച്ചത്.

നൈറ്റ് ഡ്യൂട്ടി ചെയ്തവര്‍ ഈ സമയം അധിക ഡ്യൂട്ടി ചെയ്തതു മൂലം പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നു സംഘടനാ നേതാക്കള്‍ അറിയിച്ചു. കര്‍ശന നടപടി എടുക്കുമെന്നു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണു സമരം അവസാനിപ്പിച്ചത്. സംഭവത്തില്‍ രോഗിയുടെ ബന്ധുക്കള്‍ നഴ്‌സിനെതിരെ ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാറിന് പരാതി നല്‍കി.

Exit mobile version