സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്..! ശാരദക്കുട്ടി

തൃശ്ശൂര്‍: ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ശവസ്ംസ്‌കാര ചടങ്ങിന് എത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരിടേണ്ടി വന്ന പ്രതിഷേധത്തിനിതരെ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടതെന്നും ശാരാദക്കുട്ടി പറയുന്നു. നമ്മുടെ നവകേരളത്തില്‍ ഒരു സ്ത്രീ ഇത്ര അധികം അപമാനിക്കപ്പെടുന്നത് വിഷമമുള്ള കാര്യമാണ്.

തെരുവിലും പൊതുവിടങ്ങളിലും തലയുയര്‍ത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാന്‍ അനുവദിക്കരുതെന്നും ശാരാദക്കുട്ടി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സിസ്റ്റര്‍ അനുപമയും സംഘവും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുകയും ഇവര്‍ പള്ളിമേടയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതു ഇടവകക്കാരില്‍ ചിലര്‍ തടയുകയും പള്ളിമേടയില്‍നിന്നു പുറത്താക്കുകയും ചെയ്ത സംഭവത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

സിസ്റ്റര്‍ അനുപമയുടെ ഇടവകയായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന ചര്‍ച്ചിലായിരുന്നു സംഭവം. സ്വന്തം ഇടവകക്കാരില്‍നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നു സിസ്റ്റര്‍ അനുപമ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആള്‍ക്കൂട്ടാക്രമണത്തിന് പൊതുവഴിയില്‍ സ്ത്രീകള്‍ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളില്‍ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകള്‍ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്.

ഈ ദൃശ്യങ്ങള്‍ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവന്‍ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയര്‍ത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാന്‍ അനുവദിക്കരുത്.. കരഞ്ഞുകൊണ്ടിറങ്ങി പ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.

ഫാദര്‍ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങള്‍ അജ്ഞാതമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാന്‍ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങള്‍ കാണിക്കുന്നത്. നാളെ അഹിതമായ വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗരൂകമായിരിക്കണം.

ഇതൊരപേക്ഷയാണ്..

ട. ശാരദക്കുട്ടി

Exit mobile version