പുതപ്പ് വാങ്ങിയത് ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന്, ഇരുവരും മധ്യവയസ്‌കര്‍! സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം നിര്‍ണ്ണായക ഘട്ടത്തില്‍

അഞ്ച് ദിവസം മുന്‍പാണ് കൊലപാതകം നടന്നതെന്ന് ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞു

കൊച്ചി: പെരിയാര്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം നിര്‍ണ്ണായക ഘട്ടത്തില്‍. മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് വാങ്ങിയ ആളുകളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചു. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് പുതപ്പ് വാങ്ങിയത്. കളമശ്ശേരി എച്ച്എംടി കവലയിലെ ഒരു കടയില്‍ നിന്നാണ് മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏഴാം തീയതിയാണ് പുതപ്പ് വാങ്ങിയത്. ഇരുവരും മധ്യവയസ്‌കരായിരുന്നു. ആദ്യം എടുത്ത് നോക്കിയ പുതപ്പ് ചെറിയതാണെന്ന് പറഞ്ഞ് വലിയ പുതപ്പ് ചോദിച്ചുവാങ്ങുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കേസിന്റെ ഗതി തന്നെ മാറിയിരിക്കുകയാണ്. ഉടന്‍ കേസ് തെളിയിക്കാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു.

അഞ്ച് ദിവസം മുന്‍പാണ് കൊലപാതകം നടന്നതെന്ന് ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞു. ദൂരെ എവിടെ നിന്നോ കൊലപാതകം നടത്തി കാറില്‍ കൊണ്ടുവന്നു തള്ളിയെന്നാണ് നിഗമനം. ആലുവയിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പോലീസ് പരിശോധിച്ചു വരികയാണിപ്പോള്‍. എന്നാല്‍ ആരാണ് കൊല്ലപ്പെട്ടതെന്ന സൂചന ഇതുവരെയും ലഭിച്ചിട്ടില്ല. യുവതിയെ കാണാനില്ല എന്ന നിലയിലുള്ള പരാതി ഈ അടുത്ത ദിവസങ്ങളിലൊന്നും പോലീസിന് ലഭിച്ചിട്ടില്ല, ഇതാണ് സംഘത്തെ കുഴപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ തുമ്പായി ഉപയോഗിച്ച് അന്വേഷണം മുന്നോട്ടു നീക്കാന്‍ ശ്രമിക്കുകയാണ് പോലീസിപ്പോള്‍. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വായില്‍ തുണി തിരുകിയോ കഴുത്തില്‍ ബലം പ്രയോഗിച്ചോ ആകാം കൊലപാതകം എന്നാണ് നിഗമനം. ചുരിദാറിന്റെ പാന്റ് ആണ് വായില്‍ തിരുകിയിരുന്നത്. യുവതിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് നിഗമനം. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

Exit mobile version