ലെനിന്‍ സിനിമാസ്; സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരവായി തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീയ്യേറ്റര്‍

കെഎസ്ആര്‍ടിസി ടെര്‍മിനലിലാണ് ലെനിന്‍ സിനിമാസ് ഒരുങ്ങുന്നത്.

തിരുവനന്തപുരം: അന്തരിച്ച സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരവുമായി തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീയ്യേറ്റര്‍ വരുന്നു. കെഎസ്ആര്‍ടിസി ടെര്‍മിനലിലാണ് ലെനിന്‍ സിനിമാസ് ഒരുങ്ങുന്നത്. രണ്ട് കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 150 സീറ്റുകളാണ് ക്രമീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തീയ്യേറ്റര്‍ ഉദ്ഘാടനം ചെയ്യും.

സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തീയ്യേറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തീയ്യേറ്ററും ലെനിന്‍ സിനിമാസാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ഈ തീയ്യേറ്റര്‍.

ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, സില്‍വര്‍ സ്‌ക്രീന്‍, 3ഡി സംവിധാനം എന്നിവയും ഈ തീയ്യേറ്ററിന്റെ സവിഷേഷതകളാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവര്‍ക്ക് തീയ്യേറ്റര്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് കെഎസ്എഫ്ഡിസി എംഡി ദീപ ഡി നായര്‍ പറയുന്നത്.

Exit mobile version