മലപ്പുറത്ത് ആഡംബര കാറിലെത്തിയവര്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചു; ശേഷം എടിഎം കാര്‍ഡാണെന്ന് പറഞ്ഞ് നല്‍കിയത് മറ്റൊരു കാര്‍ഡ്, ചോദിച്ച് വന്നപ്പോഴേയ്ക്കും സംഘം കാറുമായി പാഞ്ഞു!

വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ ദേശീയപാതയോരത്തുള്ള വരദ ഫ്യുവല്‍സിലാണ് സംഭവം.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ആഡംബര വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വന്നിതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഡീസല്‍ അടിച്ച ശേഷം കാറുമായി പാഞ്ഞവര്‍ക്ക് പിന്നാലെ പമ്പ് ജീവനക്കാരന്‍ പാഞ്ഞെങ്കിലും സംഘത്തെ പിടികൂടാനായില്ല.

വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ ദേശീയപാതയോരത്തുള്ള വരദ ഫ്യുവല്‍സിലാണ് സംഭവം. പുലര്‍ച്ചെ 1.45നാണ് തൃശ്ശൂര്‍ ഭാഗത്തു നിന്ന് എത്തിയ വാഹനം പമ്പില്‍ കയറിയത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. 3500 രൂപക്ക് ഡീസല്‍ നിറച്ച ശേഷം സംഘം എടിഎം കാര്‍ഡിനോട് സാമ്യം തോന്നുന്ന കാര്‍ഡ് പമ്പ് ജീവനക്കാരന് ഹുസൈന് കൈമാറുകയും ചെയ്തു.

എടിഎം കാര്‍ഡല്ലെന്ന് വ്യക്തമായ ഹുസൈന്‍ ഇത് തിരിച്ചുനല്‍കി. തൊട്ടുപിന്നാലെ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ജീവനക്കാര്‍ പിന്നാലെ ഓടിയെങ്കിലും കോഴിക്കോട് ഭാഗത്തേക്ക് കാര്‍ അമിതവേഗതയില്‍ പാഞ്ഞുപോവുകയായിരുന്നു. സംഭവത്തില്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. പമ്പിലെ സിസിടിവിയില്‍ കാറിന്റെ നമ്പര്‍ വ്യക്തമല്ല.

Exit mobile version