2 വര്‍ഷം ബധിരനും മൂകനുമായ വയോധികന്‍ സ്‌നേഹഭവന്‍ അന്തേവാസികളോടൊപ്പം.! ഒടുക്കം 77കാരന് വഴികാട്ടിയായി ചോറു പൊതിഞ്ഞുകൊണ്ടുവന്ന പത്രത്തിലെ ഒരു ഫോട്ടോ

എടത്വ: 2 വര്‍ഷമായി സ്‌നേഹഭവന്‍ അന്തേവാസികളോടൊപ്പം കഴിയുകയാണ് പാല രാമപുരം പുളിമറ്റത്തില്‍ കുഞ്ഞ് അഗസ്റ്റിന്‍.. ബധിരനും മൂകനുമാണ് ആ 77കാരന്‍. ഒരിക്കലും ഇനി തനിക്ക് ഉറ്റവരെ കാണാന്‍ കഴിയില്ലെന്ന് രുതിയ അദ്ദേഹത്തിന് തുണയായത് ചോറു പൊതിഞ്ഞുകൊണ്ടുവന്ന പത്രത്താളിലെ ഒരു ഫോട്ടോ ആണ്. ആ ഫോട്ടോ ചൂണ്ടിക്കാട്ടിയതോടെ അഗസ്റ്റിന് സ്വന്തം നാടും വീടും തിരിച്ച് കിട്ടി.

അഗസ്റ്റിന്‍ തന്റെ സഹോദരി ജെസിന്തയോടപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് ഒരു പതിവുണ്ട് വിവിധ ജോലികള്‍ക്കായി ആഴ്ചകളോളം വീട്ടില്‍ നിന്നു മാറിനില്‍ക്കും. അതേസമയം നാലുമാസം കഴിഞ്ഞിട്ടും തിരികെ വരാതായതോടെ സഹോദരി രാമപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2016 ഓഗസ്റ്റിലാണ് ഇയാള്‍ അവസാനമായി വീട്ടില്‍ നിന്നു പോയത്.

മരിയാപുരം ജംക്ഷനില്‍ അലഞ്ഞു തിരിഞ്ഞു നടന്ന കുഞ്ഞ് അഗസ്റ്റിനെ 2017 ജനുവരി 13നു ഗ്രാമപഞ്ചായത്ത് അംഗം ടിടി തോമസുകുട്ടിയുടെ നേതൃത്വത്തില്‍ സ്‌നേഹഭവനില്‍ എത്തിക്കുകയായിരുന്നു. സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്തതിനാല്‍ ഊരും പേരും അറിയാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം ചോറു പൊതിഞ്ഞു കൊണ്ടുവന്ന പത്രത്താളില്‍ വന്ന വാഴ്ത്തപ്പെട്ട തേവരുപറമ്പില്‍ കുഞ്ഞച്ചന്റെ ചിത്രം ഇദ്ദേഹം അവിടെയുള്ളവര്‍ക്കെല്ലാം ചൂണ്ടിക്കാണിച്ചു കൊടുത്തു. അതേസമയം ഫോട്ടോ ചൂണ്ടിക്കാട്ടിയതിനു പിന്നില്‍ എന്തോ കാരണമുണ്ടെന്നു മനസ്സിലാക്കിയ അധികൃതര്‍, വാഴ്ത്തപ്പെട്ടയാളുടെ പള്ളി ഇടവക ഏതെന്ന അന്വേഷിച്ചപ്പോള്‍ കാര്യങ്ങളുടെ ചുരുളഴിയുകയായിരുന്നു.

പാല രാമപുരം സ്വദേശി പ്രേംകുമാറുമായി ബന്ധപ്പെട്ടു, രാമപുരം പൊലീസിലും അറിയിച്ചു. എസ്‌ഐ അയ്ജു, സിപിഒ ജോഷി എന്നിവര്‍ സ്‌നേഹഭവനില്‍ എത്തി സഹോദരിയുടെ ഫോട്ടോ കാണിച്ചുകൊടുത്തു. ഫോട്ടോ കണ്ട് പൊട്ടിക്കരഞ്ഞ കുഞ്ഞിനെ 11 മണിയോടെ സ്‌നേഹഭവന്‍ സെക്രട്ടറി ജോണിക്കുട്ടി തുരുത്തേലിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കൊപ്പം നാട്ടിലേക്കു യാത്രയാക്കി.

Exit mobile version