അസുഖബാധിതനായ വൃദ്ധനെ കട്ടിലും വീട്ടുസാധനങ്ങളും ഉള്‍പ്പടെ റോഡില്‍ ഉപേക്ഷിച്ചു..!

തൃശ്ശൂര്‍: അസുഖബാധിതനായ വൃദ്ധനെ റോഡരികില്‍ ഉപേക്ഷിച്ചു. വൃദ്ധനൊപ്പം കട്ടിലും വീട്ടുസാമഗ്രികളും ഉണ്ടായിരുന്നു. കുട്ടനെല്ലൂര്‍ ദേശീയപാതയിലെ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന പീറ്റര്‍ എന്ന വയോധികനെയാണ് ഏതാനും പേര്‍ ചേര്‍ന്ന് കുടിയൊഴിപ്പിച്ചത്. എന്നാല്‍ തന്നെ രണ്ടുദിവസം കഴിഞ്ഞാല്‍ തിരികെ കൊണ്ടുപോകാം എന്ന് അവര്‍ പറഞ്ഞിരുന്നതായി പീറ്റര്‍ പറയുന്നു. അവരാരും പീറ്ററിന്റെ ബന്ധുക്കളോ ഉറ്റവരോ അല്ല. താന്‍ മുമ്പ് കഴിഞ്ഞുകൂടിയിരുന്ന സ്ഥലത്തുണ്ടായിരുന്ന ചിലരാണെന്നു മാത്രം പീറ്റര്‍ പറയുന്നു.

കുട്ടനെല്ലൂര്‍ ദേശീയപാതയിലെ മേല്‍പ്പാലത്തിനുതാഴെ തനിച്ചായിരുന്നു പീറ്റര്‍ കഴിഞ്ഞിരുന്നത്. വര്‍ഷങ്ങളായി ഇവിടെയായിരുന്നു താമസം. വിഐപിയുടെ വരവുമായി ബന്ധപ്പെട്ട് പാലത്തിനടിയിലെ താമസക്കാരെ മാറ്റുന്നതിന്റെ ഭാഗമായാണ് ഇയാളെയും മാറ്റിയത്. എന്നാല്‍ പോലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ കുടിയിറക്കാന്‍ വന്നവരുടെ ഒപ്പമുണ്ടായിരുന്നില്ല. മാത്രമല്ല, തൊട്ടടുത്ത താമസക്കാരെ ഇവര്‍ മാറ്റിയതുമില്ല. പോലീസും ഇതു ശരിവെയ്ക്കുന്നു. പീറ്ററിന്റെ വീട്ടുസാമഗ്രികളെല്ലാം റോഡരികില്‍ നിരത്തിവെച്ചാണ് വന്നവര്‍ മടങ്ങിയത്.

പീറ്റര്‍ മധുരക്കാരനാണ്. ഇയാള്‍ നിര്‍മാണ തൊഴിലാളിയായിരുന്നു. എന്നാല്‍ ഒമ്പതുമാസംമുമ്പ് കോണ്‍ക്രീറ്റുപണിക്കിടയില്‍ വലതുകാലിന്റെ പാദത്തില്‍ മുറിവേറ്റു. പിന്നീട് അത് വലിയ വ്രണമായി. മുറിവിലൂടെ ചോരയും പഴുപ്പും വരുന്നു. ജോലിക്കു പോകാനും കഴിയില്ല. നാല്‍പ്പതുകൊല്ലം മുമ്പ് മരത്താക്കരയില്‍ ഓട്ടുകമ്പനിയില്‍ തൊഴിലിനെത്തിയതാണ് ഇയാള്‍. സമീപവാസികള്‍ മൂന്നുനേരവും കൊണ്ടുവന്നു നല്‍കുന്ന ഭക്ഷണം മാത്രമാണിപ്പോള്‍ പീറ്ററിന് ആശ്രയം.

Exit mobile version