ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു; സന്നിധാനത്ത് 24 മണിക്കൂറില്‍ കൂടുതല്‍ ആരെയും തുടരാന്‍ അനുവദിക്കില്ല

ശബരിമല യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം ശക്തമാക്കാനും ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ ഉണ്ടാകാനിടയുള്ള സംഘര്‍ഷ സാധ്യത നിലനിര്‍ത്തി സന്നിധാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. സന്നിധാനത്ത് ഭക്തര്‍ 24 മണിക്കൂറില്‍ കൂടുതല്‍ തങ്ങരുതെന്ന് പോലീസ് ഉന്നതതല യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

ശബരിമല യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം ശക്തമാക്കാനും ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചു.

അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ കേസുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസ് പിമാരുടെ നേതൃത്വത്തിലാകും അന്വേഷണം.സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും.

കൂടാതെ തുലാമാസക്കാലത്ത് സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കിയത് സന്നിധാനത്ത് ബോധപൂര്‍വം തങ്ങിയ ആളുകളാണെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ ആരെയും അനുവദിക്കില്ല. ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് കൊടുക്കരുതെന്ന് ലോഡ്ജ് ഉടമകള്‍ക്കും നിര്‍ദേശം നല്‍കും. നിലയ്ക്കല്‍ മുതല്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും പോലീസ് മുന്‍കരുതല്‍ സ്വീകരിക്കും.

Exit mobile version