വനിതാ വികസന കോര്‍പ്പറേഷന്‍ പദ്ധതികളില്‍ ഇനിമുതല്‍ ട്രാന്‍സ്ജെന്റേഴ്സിനും പങ്കാളിത്തം

സമുദായാടിസ്ഥാനത്തിലുള്ള വികസന കോര്‍പ്പറേഷനുകള്‍ എല്ലാ വര്‍ഷവും ഒരു നിശ്ചിത എണ്ണം സഹായമെങ്കിലും ട്രാന്‍സ്ജെന്റേഴ്സുകള്‍ക്ക് ലഭ്യമാക്കണമെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: വനിതാ വികസന കോര്‍പ്പറേഷന്‍ പദ്ധതികളില്‍ ഇനിമുതല്‍ ട്രാന്‍സ്ജെന്റേഴ്സിനെയും ഉള്‍പ്പെടുത്തും. സമുദായാടിസ്ഥാനത്തിലുള്ള വികസന കോര്‍പ്പറേഷനുകള്‍ എല്ലാ വര്‍ഷവും ഒരു നിശ്ചിത എണ്ണം സഹായമെങ്കിലും ട്രാന്‍സ്ജെന്റേഴ്സുകള്‍ക്ക് ലഭ്യമാക്കണമെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

”ട്രാന്‍സ്ജെന്റര്‍ സമൂഹത്തെ എല്ലാ അര്‍ത്ഥത്തിലും പൊതുസമൂഹത്തില്‍ സ്വാഭാവിക പങ്കാളികളാക്കുക എന്ന ദൗത്യം നമുക്ക് പൂര്‍ത്തീകരിക്കണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഈ സമൂഹത്തിന് കൈവന്നിട്ടുള്ള ആത്മാഭിമാനവും ദൃശ്യതയും പ്രതീക്ഷാ നിര്‍ഭരമായ മുന്നേറ്റമാണ്. ഈ ലക്ഷ്യത്തോടെയാണ് മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

തൊഴില്‍ പരിശീലനം, സ്വയം തൊഴില്‍ സഹായം, എല്ലാ ജില്ലകളിലും വാസസ്ഥാനങ്ങള്‍, വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയകള്‍ക്കുള്ള സഹായം, പഠന പിന്തുണ, ട്രാന്‍സ്ജെന്റര്‍ അയല്‍ക്കൂട്ടങ്ങള്‍, തുടങ്ങി ഭിന്ന ലൈംഗികതയുള്ള വ്യക്തികള്‍ക്ക് പൊതുസമൂഹത്തില്‍ അലിഞ്ഞു ചേരുന്നതിന് ഉതകുന്ന ഒട്ടേറെ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് മഴവില്ല്. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തിയതായും തോമസ് ഐസക് പറഞ്ഞു.

Exit mobile version