മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ വിവരങ്ങള്‍; സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത, ആരോപണവുമായി ഭാര്യ രംഗത്ത്

സൈമണ്‍ ബ്രിട്ടോയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ച് സംശയമുണ്ടെന്നും അവര്‍ പറയുന്നു

തൃശ്ശൂര്‍: അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലും ദുരൂഹതയുണ്ടെന്ന് ഭാര്യ സീന. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്റാണെന്നാണ് പറയുന്നത്. ഇത് തെറ്റായ വിവരമാണെന്നും, സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നില്ല അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഹാര്‍ട്ട് പേഷ്യന്റായി എന്നറിയില്ലയെന്ന് സീന പറയുന്നു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോയുടെ വയസ് തെറ്റായാണ് നല്‍കിയിരിക്കുന്നതെന്നും സീന കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം സൈമണ്‍ ബ്രിട്ടോയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ച് സംശയമുണ്ടെന്നും അവര്‍ പറയുന്നു. യാത്രയ്ക്കിടെയായിരുന്നു അദ്ദേഹം മരിച്ചത്. രാവിലെ മുതല്‍ അദ്ദേഹം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്.

ഇതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമായിരുന്നില്ല. അവസാന നിമിഷങ്ങളില്‍ ബ്രിട്ടോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് ഇപ്പോഴും അറിയില്ലയെന്ന് സീന കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ ലഭ്യമാകുന്ന ആംബുലന്‍സ് വേണമെന്നാണ് ബ്രിട്ടോ അവസാന നിമിഷം പറഞ്ഞത്. എന്നാല്‍ അത് ലഭ്യമാക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നും സീന ആരോപിക്കുന്നു.

ബിട്ടോയുടെ മരണത്തില്‍ താന്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നിരുന്നു. അദ്ദേഹം അവസാന നിമിഷങ്ങളില്‍ ഏറെ സങ്കടപ്പെട്ടിരുന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. താന്‍ ഉപേക്ഷിച്ചുപോകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നുവെന്ന് സൈമണ്‍ ബ്രിട്ടോ പറഞ്ഞതായി അവര്‍ പറഞ്ഞു. തനിക്ക് 46 വയസായി. മകള്‍ക്ക് 10 വയസും. അസുഖബാധിതനായ അവസ്ഥയില്‍ അദ്ദേഹത്തെ വിട്ട് എവിടെ പോകാനാണെന്നും സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ചോദിക്കുന്നു.

സൈമണ്‍ ബ്രിട്ടോ കൂടെയില്ല എന്ന യാഥാര്‍ത്ഥ്യത്തോട് ഇപ്പോഴും പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടോയില്ലാത്ത ഈ ഒരു അവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലയെന്നും സീന കൂട്ടിച്ചേര്‍ത്തു.

Exit mobile version