മരുന്ന് വാങ്ങാന്‍ പോലും പണമില്ല.. അവിവാഹിത പെന്‍ഷന്‍ നല്‍കണം, വ്യത്യസ്ത അപേക്ഷയുമായി കന്യാസ്ത്രീകള്‍ കോര്‍പ്പറേഷനില്‍

തിരുവനന്തപുരം: വ്യത്യസ്തമായ അപേക്ഷയുമായി കന്യാസ്ത്രീകള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍. അവിവാഹിതരായ തങ്ങള്‍ക്ക് അവിവാഹിത പെന്‍ഷന്‍ നല്‍കണമെന്നാണ് കന്യാസ്ത്രീകളുടെ ആവശ്യം. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായസിസ്റ്റര്‍മാരാണ് അപേക്ഷയുമായി എത്തിയത്.

മറ്റു വരുമാനമൊന്നുമില്ല.. തങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. മരുന്നിനും മറ്റുമായി നല്ല ചെലവുണ്ടെന്നും അപേക്ഷയില്‍ ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ 60 വയസ് പിന്നിട്ട കന്യാസ്ത്രീകള്‍ക്കു നിലവില്‍ വാര്‍ധക്യപെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങള്‍മൂലം വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് പ്രതിമാസം 1100 രൂപയാണ് പെന്‍ഷനായി സര്‍ക്കാര്‍ നല്‍കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ കന്യാസ്ത്രീകളുടെ അപേക്ഷ കോര്‍പ്പറേഷനു സര്‍ക്കാരിന്റെ ഉപദേശം തേടേണ്ടിവരും. മാത്രമല്ല മതപരമായ വിശ്വാസത്തിന്റെ ഭാഗമായി മനഃപൂര്‍വം വിവാഹം ഒഴിവാക്കിയ ഇവര്‍ അവിവാഹിത പെന്‍ഷന് അര്‍ഹരാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും മേയര്‍ വികെ പ്രശാന്ത് വ്യക്തമാക്കി. അതേസമയം അപേക്ഷ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമവശം പരിശോധിച്ച് അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കുമെന്നു മേയര്‍ പറഞ്ഞു.

നിലവില്‍ സന്യാസസഭയാണ് പ്രായമായ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ചെലവിനായി പണം നല്‍കുന്നത്. എന്നാല്‍, ആദ്യമായാണ് പെന്‍ഷന്‍ വേണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ എത്തുന്നത്. അതേസമയം മറ്റാരുടെയോ പ്രേരണയില്‍ ഇത്തരം ആവശ്യം ഉയര്‍ത്തിയതാണെന്ന് സന്യാസി സഭ ആരോപിക്കുന്നു. ഇത് സബ അനുവദിക്കില്ലെന്നും ലത്തീന്‍ തിരുവനന്തപുരം അതിരൂപതാ അധികൃതര്‍ പറഞ്ഞു.

Exit mobile version