വികലാംഗനാണെന്ന് കരുതി തഴയരുതേ, ഇനിയും പഠിക്കണം..! ‘ഉജ്വല ബാല്യം’ ജേതാവ്, ഇരുകൈകളുമില്ലാത്ത മലയാളികളുടെ പ്രിയ ബാലന്‍ മുഹമ്മദ് ആസിം സമരപ്പന്തലില്‍

തിരുവനന്തപുരം: ഇരു കൈകളുമില്ലാത്ത ഈ 12 വയസ്സുള്ള ബാലന്‍ ഇന്ന് മലയാളികളുടെ പ്രിയങ്കരനാണ്. സംസ്ഥാന സര്‍ക്കാരിന്റെ ‘ഉജ്വല ബാല്യം’ പുരസ്‌കാര ജേതാവാണ് മുഹമ്മദ് ആസിം വെളിമണ്ണ. എന്നാല്‍ ഇന്ന് ഈ കുരുന്ന് സമരപന്തലിലാണ്.. എന്തിനെന്നോ..? പഠനം മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാന വികലാംഗ സംഘടന ഐക്യമുന്നണി സംഘടിപ്പിച്ച സമരപ്പന്തലിലാണ് മുഹമ്മദ് ആസിം എത്തിയത്.

സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് കുട്ടി സമരംക്കാര്‍ക്കൊപ്പം ഉള്ളത്. സമരപ്പന്തലിന്റെ ഉദ്ഘാടകനായാണ് ആസിം എത്തിയത്. 90% വികലാംഗനായ മുഹമ്മദ് ആസിം പഠിച്ചത് കോഴിക്കോട് വെളിമണ്ണ എല്‍പി സ്‌കൂളിലാണ്. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ യുപി പഠനവും പൂര്‍ത്തിയാക്കി. എന്നാല്‍ ഹൈസ്‌കൂള്‍ തലത്തിലേക്ക് പഠനം ഉയര്‍ത്താന്‍ മുഹമ്മദ് ആസിമിന് കഴിയുന്നില്ല.

ഇപ്പോള്‍ മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഈ വിദ്യാര്‍ത്ഥി സമരത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഉജ്വല ബാല്യം പുരസ്‌കാരത്തുകയായ 25,000 രൂപയും സ്വന്തമായി സ്വരൂപിച്ച പണവും ചേര്‍ത്തു മുഹമ്മദ് ആസിം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 2004 മുതല്‍ 2014 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം ലഭിച്ചു ജോലി ചെയ്തു പിരിഞ്ഞവരെ തിരിച്ചെടുത്ത് സ്ഥിരനിയമനം നല്‍കുക, 5% സര്‍ക്കാര്‍ ജോലി സംവരണം 10% ആക്കുക തുടങ്ങി 30 ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

Exit mobile version