കേരളത്തില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവ് നടത്താന്‍ കഴിയാത്തതിന്റെ നിരാശയാണ് വിമര്‍ശനത്തിന് കാരണം; മോഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ കേരളത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നുവെന്ന് ആരോപിച്ച നരേന്ദ്ര മോഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നയാളാണ് കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്ന നിരാശയാണ് മോഡിയുടെ വിമര്‍ശനത്തിന് കാരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഭക്ഷണത്തിന്റെ പേരിലും പശുവിന്റെ പേരിലും മനുഷ്യരെ കൊല്ലുന്ന മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത് സംഘപരിവാറാണ്. റംസാന്‍ സമയത്ത് മുസ്ലീം സഹോദരങ്ങളെ ആക്രമിച്ചതടക്കം നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായി. ആ സഹോദരങ്ങളില്‍ ഏറ്റവും ഇളയവനെ കൊന്ന് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു വിഭാഗം ആളുകളെ, ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവര്‍ക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. ഈ സംഘപരിവാര്‍ പ്രചാരകന്റെ മനസാണ് മോഡിക്ക് ഇപ്പോഴും ഉള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ അനുയായികളാണ് രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നത്. ആ അതിക്രമങ്ങളെയാണ് പ്രധാനമന്ത്രി എതിര്‍ക്കേണ്ടതെന്നും പിണറായി പറഞ്ഞു. ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള ഇത്തരം സംഘപരിവാര്‍ ശ്രമങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്ന നിരാശയാണ് മോഡിയുടെ വിമര്‍ശനത്തിന് കാരണമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോയെന്ന് മോഡി ആത്മപരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Exit mobile version