‘കുഞ്ഞിനെ നോക്കണമെന്ന് പറഞ്ഞ് അവള്‍ പോയി! ലോക്കറിലുള്ള സ്വര്‍ണം ഞാന്‍ തൊട്ടിട്ടു കൂടിയില്ല’; നഴ്‌സ് ആന്‍ലിയയുടെ മരണത്തിലെ ആരോപണങ്ങളോട് പ്രതികരിച്ച് ജസ്റ്റിന്‍

കൊച്ചി: ബംഗളൂരുവില്‍ നഴ്‌സായിരുന്ന ആന്‍ലിയയുടെ ദുരൂഹമരണത്തിന്റെ ഞെട്ടലിലാണ് കേരളം ഒന്നടങ്കം. ഭര്‍തൃ വീട്ടിലെ പീഡനങ്ങളുടെ ദുരൂഹതയുണര്‍ത്തുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ മലയാളിയുടെ നൊമ്പരമാവുകയുമാണ്.

ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനും കുടുംബത്തിനുമെതിരെയുള്ള സംശയ ദൃഷ്ടികളും ആന്‍ലിയയുടെ ഡയറിയിലെ വെളിപ്പെടുത്തലുമാണ് ഈ ദുരൂഹമരണത്തിന്റെ
ചുരുളഴിയ്ക്കുന്നത്.

ജസ്റ്റിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയ ആക്രമണങ്ങളും തുടരുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജസ്റ്റിന്‍.

മകളുടെ മരണത്തില്‍ ദുരൂഹതുണ്ടെന്ന് പറയുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുമ്പ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ജസ്റ്റിന്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു. ഇതുവരെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ.്

‘മകളെ നഷ്ടപ്പെട്ട പിതാവിന്റെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവുമാണ് തന്നെ കുറ്റക്കാരനാക്കിയിരുന്നത് എന്നാണ് താന്‍ കരുതിയത്. ആരോപണങ്ങളും സംശയ ദൃഷ്ടിയും തനിക്കു മേല്‍ നീളുന്നതു കൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം. കോടതി വഴി നീതി നേടിയെടുക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. എങ്കിലും എനിക്കും കുഞ്ഞിനും കുടുംബത്തിനും ഇന്നാട്ടില്‍ ജീവിക്കേണ്ടതല്ലേ.’ജസ്റ്റിന്‍ ചോദിക്കുന്നു.

ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് താന്‍ പീഡിപ്പിച്ചു എന്നാണ് പ്രധാന ആരോപണം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ലോക്കറില്‍ വച്ച ആ സ്വര്‍ണം താന്‍ തൊട്ടിട്ടു കൂടിയില്ല. ലോക്കര്‍ തുറന്നിട്ടു കൂടിയില്ല. ആന്‍ലിയക്ക് അലമാര വാങ്ങാന്‍ അവളുടെ പപ്പ തന്ന 30000 രൂപയാണ് തങ്ങള്‍ തമ്മില്‍ ആകെ നടന്ന പണമിടപാട്. ഇതിനെല്ലാം തന്റെ പക്കല്‍ തെളിവുമുണ്ട്.

കാണാതായ ദിവസം ഫോണില്‍ വിളിച്ച് താന്‍ പോകുകയാണെന്നും ഇനി അന്വേഷിക്കരുതെന്നും കുഞ്ഞിനെ നോക്കണമെന്നും ആന്‍ലിയ പറഞ്ഞു. തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്.

ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളെക്കുറിച്ച് അവളുടെ പപ്പയോടെ സൂചിപ്പിച്ചിരുന്നു. അത് അവളുടെ തമാശയാണെന്നായിരുന്നു മറുപടി. പക്ഷേ വിവാഹ ശേഷം അവളുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവികം എന്നാണ് താന്‍ കരുതിയത്. ആന്‍ലിയയുടെ മാനസിക വിഷമം പരിഗണിച്ചാണ് നഴ്‌സിംഗ് പഠനത്തിനായി അയക്കുന്നത്. നിര്‍ബന്ധിച്ചാണ് അയച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല.

ഞാന്‍ ആന്‍ലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നതാണ് മറ്റൊരു ആരോപണം. എങ്കില്‍ ആന്‍ലിയ മരിക്കുന്നതിന് മുമ്പ് എന്ത് കൊണ്ട് അവര്‍ ഇത് എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും അവര്‍ മരണ ശേഷമാണ് ഉയര്‍ത്തുന്നത്. ജസ്റ്റിന്‍ പറയുന്നു.

Exit mobile version