കര്‍മ്മസമിതി പരിപാടിയില്‍ നിന്ന് മാറിനില്‍ക്കാന്‍ അമൃതാനന്ദമയി ആര്‍ജവം കാണിക്കമായിരുന്നു! യോഗത്തില്‍ പങ്കെടുത്തത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍മ്മസമിതി പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അത് അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്ന് മുഖ്യമന്ത്രി. ആര്‍എസ്എസ് അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് തള്ളിവിടുകയാണെന്നും അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം അവര്‍ കാണിക്കേണ്ടിയിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് എന്ന പ്രോഗ്രാമില്‍ സംസാരിക്കവേയാണ് വിമര്‍ശനം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവര്‍ക്കുംപോലും കര്‍മ്മസമിതിയുമായി വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നേരത്തെ നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം നേരത്തെ അവര്‍ കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കര്‍മ്മസമിതി ജനുവരി 20 ന് സംഘടിപ്പിച്ച പരിപാടിയില്‍ മാതാ അമൃതാനന്ദമയി മുഖ്യ അതിഥിയായിരുന്നു. തിരുവനന്തപുരത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അമൃതാനന്ദമയിയായിരുന്നു. മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നുമായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ അമൃതാനന്ദമയി പറഞ്ഞത്. ഓരോ ക്ഷേത്രദേവതയ്ക്കും പ്രത്യേക സങ്കല്‍പ്പമുണ്ടെന്നും സംസ്‌ക്കാരത്തെ സംരക്ഷിച്ചു വേണം മുന്നോട്ട് പോകാനെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന നേതാവ് കോടിയേരി ബാലകൃഷ്ണനും നേരത്തെ രംഗത്ത് വന്നിരുന്നു.

Exit mobile version