ആക്രമിച്ച് നിശബ്ദനാക്കാമെന്ന ഫാസിസ്റ്റ് ശൈലി ഇവിടെ വേണ്ട! ഇത് സാംസ്‌കാരിക കേരളമാണ്; പ്രിയനന്ദനെ അക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച് എംഎം മണി

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനെ ആക്രമിച്ച ആര്‍എസ്എസ് സംഘപരിവാര്‍ നടപടിയെ വിമര്‍ശിച്ച് മന്ത്രി എംഎം മണി. പ്രമുഖ സിനിമ സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ പ്രിയനന്ദനെ കയ്യേറ്റം ചെയ്യുകയും ചാണക വെള്ളം ഒഴിക്കുകയും ചെയ്ത ആര്‍എസ്എസ് നടപടി അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മന്ത്രി എംഎം മണി.

ഈ നടപടിക്കെതിരെ സാംസ്‌കാരിക കേരളം ശക്തമായി മുന്നോട്ട് വരും. ആക്രമിച്ച് നിശബ്ദനാക്കാമെന്ന ഫാസിസ്റ്റ് ശൈലി കേരളത്തില്‍ നടപ്പാക്കാമെന്ന് ആര്‍എസ്എസും സംഘപരിവാര്‍കാരും കരുതണ്ടയെന്നും മന്ത്രി പറഞ്ഞു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

പ്രമുഖ സിനിമ സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ പ്രിയനന്ദനെ ആര്‍. എസ്.എസ്. സംഘ പരിവാര്‍കാര്‍ കയ്യേറ്റം ചെയ്യുകയും അദ്ദേഹത്തിന് മേല്‍ ചാണക വെള്ളം ഒഴിക്കുകയും ചെയ്ത നടപടി അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ഈ നടപടിക്കെതിരെ സാംസ്‌കാരിക കേരളം ശക്തമായി മുന്നോട്ട് വരിക തന്നെ ചെയ്യും. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതാണോ അദ്ദേഹം ചെയ്ത തെറ്റ്? തങ്ങളുടെ നിലപാടുകളെ അംഗീകരിക്കാത്ത എല്ലാവരെയും ആക്രമിക്കുക, നിശ്ശബ്ദരാക്കുക എന്ന ഫാസിസ്റ്റ് ശൈലി കേരളത്തിലും നടപ്പാക്കാമെന്ന് ആര്‍.എസ്.എസും സംഘ പരിവാര്‍കാരും ധരിക്കുന്നുണ്ടെങ്കില്‍ തെറ്റ്. ഇത് കേരളത്തില്‍ സാധ്യമാകില്ല. ശ്രീ. പ്രിയനന്ദനെ കയ്യേറ്റം ചെയ്ത ആര്‍.എസ.എസ്. നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു

Exit mobile version