ആളൊഴിഞ്ഞ കസേരകള്‍, ഓഫ് ചെയ്ത കംപ്യൂട്ടറുകള്‍! ഹാജര്‍ വെച്ചിട്ട് മരുന്നിനു പോലും ഒരാള്‍ ഇല്ലാതെ ജീവനക്കാര്‍ മുങ്ങി; ശൂന്യമായി പഞ്ചായത്ത് ഓഫീസ്

വിവിധ ആവശ്യങ്ങളുമായി എത്തിയ ജനം കണ്ടത് ശൂന്യമായി കിടക്കുന്ന ഓഫീസാണ്.

മലയിന്‍കീഴ്: ആളൊഴിഞ്ഞ കസേരകള്‍, ഓഫ് ചെയ്ത കംപ്യൂട്ടറുകള്‍, കാബിനില്‍ അടക്കി വെച്ചിരിക്കുന്ന ഫയലുകള്‍. ഇത് സിനിമയിലെ രംഗമല്ല. മറിച്ച് വിളപ്പില്‍ പഞ്ചായത്ത് ഓഫിസിലെ കാഴ്ചയാണിത്. പേരിനു പോലും ഒരു ഉദ്യോഗസ്ഥന്‍ ഇല്ലാതെ എല്ലാവരും ഹാജര്‍ വെച്ചിട്ട് മുങ്ങുകയായിരുന്നു.

വിവിധ ആവശ്യങ്ങളുമായി എത്തിയ ജനം കണ്ടത് ശൂന്യമായി കിടക്കുന്ന ഓഫീസാണ്. ജീവനക്കാര്‍ എന്‍ജിഒ യൂണിയന്‍ കാട്ടാക്കട ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് ഓഫീസ് നിശ്ചലമായത്. ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷമാണ് ഇവര്‍ മുങ്ങിയത്.

ജോലി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് ഈ സംഭവം. 20 സ്ഥിരം ജീവനക്കാരാണ് പഞ്ചായത്തില്‍ ഉള്ളത്.

Exit mobile version