‘മുഖ്യമന്ത്രിയുടെ വിമാനയാത്ര’ എന്ന മാതൃഭൂമിയുടെ വാര്‍ത്ത കല്ലുവെച്ച നുണകളാല്‍ പടച്ചെടുത്തത്; തെളിവുകള്‍ നിരത്തി വാര്‍ത്തയെ പൊളിച്ചടുക്കി ഓഫീസ്, നുണ പുറംലോകം അറിഞ്ഞതോടെ വാര്‍ത്ത മുക്കി മാതൃഭൂമി

2017 നവംബര്‍ ആറിനായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനം മധുരയില്‍ നടന്നത്.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിമാനയാത്ര നടത്തിയെന്ന നുണപ്രചരണവുമായി മുഖ്യധാര മാധ്യമമായ മാതൃഭൂമി. 2017ല്‍ മധുരയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനെയാണ് വീണ്ടും എടുത്തിട്ട് നുണപ്രചാരണം നടത്തുന്നത്. വാര്‍ത്ത തീര്‍ത്തും നുണയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. തെളിവുകള്‍ നിരത്തിയാണ് മാതൃഭൂമിയുടെ വാദങ്ങള്‍ പൊളിച്ചത്.

സത്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെ മാതൃഭൂമി വാര്‍ത്ത മുക്കി. പ്രളയ ശേഷം പണമില്ലാതെ സംസ്ഥാനം വലയുമ്പോള്‍ നവംബര്‍ ആറിന് മധുരയില്‍ നടന്ന ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി 7.60 ലക്ഷം രൂപമുടക്കി പോയെന്നായിരുന്നു മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ ഏത് വര്‍ഷമായിരുന്നു പരിപാടി എന്നത് ബോധപൂര്‍വം മറച്ചുവെയ്ക്കുകയായിരുന്നു. അതോടെ തന്നെ മാതൃഭൂമി കള്ളവാര്‍ത്ത പ്രചരിക്കുകയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

2017 നവംബര്‍ ആറിനായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനം മധുരയില്‍ നടന്നത്. മഹാപ്രളയം കേരളത്തില്‍ സംഭവിച്ചത് 2018 പകുതിയോടെയും. കണക്കിലെ ഈ പൊരുത്തമില്ലായ്മ മറച്ചുവെച്ചുകൊണ്ടാണ് പുതിയ നുണയുമായി മാതൃഭൂമി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം സിപിഎം സംസ്ഥാനസമ്മേളനം നടക്കുമ്പോള്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ ദുരിതാശ്വാസനിധിയിലെ പണം ചിലവാക്കി എന്ന നുണയും മാതൃഭൂമി ആവര്‍ത്തിക്കുന്നുണ്ട്.

ഇതു വായിക്കുമ്പോള്‍ തന്നെ വാര്‍ത്ത കളവാണെന്ന് മനസിലാക്കാം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഇടപ്പെട്ടതോടെയാണ് വാര്‍ത്ത മാതൃഭൂമി മുക്കി മുങ്ങിയത്. നുണപ്രചരണം പൊളിഞ്ഞതോടെ മാതൃഭൂമി ഓണ്‍ലൈനില്‍ നിന്ന് വാര്‍ത്ത മുക്കിയെങ്കിലും ഇത് പകര്‍ത്തിയ മറ്റ് വാര്‍ത്താസൈറ്റുകള്‍ ഇപ്പോഴും വാര്‍ത്ത നിലനിര്‍ത്തിയിട്ടുണ്ട്.

Exit mobile version