ശബരിമല വിഷയം വിശ്വാസികളും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമാക്കി ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു! സിപിഎമ്മിന്റെ അടിത്തറയായ ഹിന്ദു വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം; എകെ ബാലന്‍

സംസ്ഥാനം പ്രളയത്തെ നേരിട്ട രീതി എല്‍ഡിഎഫ് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. ഇത് തകര്‍ക്കാനാണ് ശബരിമല വിഷയത്തിലൂടെ ബിജെപി ശ്രമിക്കുന്നത്

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നതെന്ന് മന്ത്രി എകെ ബാലന്‍. കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ ഹിന്ദു വിശ്വാസികളുടെ വോട്ടാണ്. ഇത് ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും എകെ ബാലന്‍ ആരോപിച്ചു.

സംസ്ഥാനം പ്രളയത്തെ നേരിട്ട രീതി എല്‍ഡിഎഫ് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. ഇത് തകര്‍ക്കാനാണ് ശബരിമല വിഷയത്തിലൂടെ ബിജെപി ശ്രമിക്കുന്നത്. ശബരിമല പ്രശ്‌നം ഈശ്വര വിശ്വാസികളും സര്‍ക്കാരും തമ്മിലാണ് പ്രശ്നമെന്ന് ബിജെപി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറയായ ഹിന്ദു വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിലൂടെ അവര്‍ ലക്ഷമിടുന്നത്. എന്നാല്‍ ഇതിനെതിരെ കേരളം പ്രതികരിക്കുമെന്നും ബിജെപിയുടെ അടിത്തറ ഇളകുമെന്നും എകെ ബാലന്‍ പറഞ്ഞു. കേരളത്തിന്റെ തീരാശാപമായി ബിജെപി മാറിയെന്നും മന്ത്രി ആരോപിച്ചു.

കൂടാതെ ധനസമാഹരണത്തിനുള്ള വിദേശ യാത്രക്ക് അനുമതി നിഷേധിച്ചതിനെയും മന്ത്രി വിമര്‍ശിച്ചു. ധനസമാഹരണത്തിനായുള്ള വിദേശ യാത്രക്ക് ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീട് പ്രധാനമന്ത്രി വാക്കുമാറ്റി. ഇത് കേരളത്തിലെ ബിജെപി നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണെന്നും എകെ ബാലന്‍ പറഞ്ഞു.

ഇതുമൂലം 5000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായത്. മുഖ്യമന്ത്രിക്ക് നല്‍കിയ വാക്ക് പ്രധാനമന്ത്രി നിര്‍ലജ്ജം ലംഘിച്ചുവെന്നും എ കെ ബാലന്‍ ആരോപിച്ചു.

Exit mobile version