സ്‌കൂട്ടറില്‍ വീല്‍ചെയറും കെട്ടിവച്ച് 7 ദിവസത്തെ ഒരു ഗോവന്‍ യാത്ര; അനകെന്താ പിരാന്ത് ഉണ്ടോ? എന്ന് ചോദിച്ച മഹാന്മാര്‍ക്ക് കിടിലന്‍ മറുപടിയുമായി യുവാവ്..! തളരാത്ത മനസിന് ബിഗ്‌സല്യൂട്ട്

മലപ്പുറം: ചെറിയ അസുഖം വരുമ്പോഴേക്കും തളരുന്നവരാണ് നമ്മള്‍ പലരും. എന്നാല്‍ ശരീരത്തെ തളര്‍ത്തി കളഞ്ഞ അസുഖങ്ങളും പരിമിതികളും ഒരിക്കലും മനസിന്റെ ധൈര്യത്തെ തകര്‍ക്കില്ലെന്ന് തെളിയിച്ച മലയാളികളില്‍ ഒരാള്‍ കൂടി ഇവിടെ ഉണ്ട്. ഇന്ന് സോഷ്യല്‍ ലോകം ചര്‍ച്ചചെയ്യുന്ന സാദിഖി കുഞ്ഞാനി…. കൂട്ടത്തില്‍ തന്റെ ഇണപിരിയാത്ത് ചങ്ക് കൂട്ടുകാരനും…

തളര്‍ന്ന ശരീരം എന്നാല്‍ ആഗ്രഹം ഗോവയില്‍ പോകണം.. കേള്‍ക്കുന്നവരെല്ലാം യുവാവിനെ പരിഹസിച്ചു, കളിയാക്കി… എന്നിട്ടും അവന്റെ മനസ് തളര്‍ന്നില്ല. ഒടുവില്‍ മുചക്ര സ്‌കൂട്ടിയില്‍ തകര്‍പ്പനൊരു ഗോവന്‍ ട്രിപ്പും കഴിഞ്ഞ് പരിഹസിച്ചവരോട് വിജയത്തിന്റെ രഹസ്യത്തെക്കുറിച്ച് വിവരിക്കുകയാണ് ഇവര്‍.

കുട്ടിക്കാലത്ത് പിടിപ്പെട്ട മസ്‌കുലര്‍ ഡിസ്‌ട്രോഫി അഥവാ മസിലുകള്‍ക്ക് ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് സാദിഖ് കുഞ്ഞാനിയെ വീല്‍ച്ചെയറിലാക്കിയത്. രാഹുലിന്റെ ശരീരമാകട്ടെ ഏഴ് വര്‍ഷം മുമ്പ് നട്ടെല്ലിന് ക്ഷതമേറ്റാണ് തളര്‍ന്നത്. വീല്‍ചെയറിനോടും തളര്‍ത്തിയ രോഗങ്ങളോടും അവര്‍ക്ക് എന്നും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. ശരീരത്തെ തളര്‍ത്താം, പക്ഷെ മനസിനെ തളര്‍ത്താനാകില്ല.

സാദിഖിന്റെ അനുഭവകുറിപ്പ് പൂര്‍ണരൂപത്തില്‍… ഇത് കളിയാക്കിയവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടി…

ഉടലിൽ ചേർത്ത് ശേഷിയെ/കഴിവിനെ കുറിച്ച് ഇനിയും സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്കാണ് ഈ ചിത്രങ്ങൾ പങ്കു വെക്കുന്നത്..

ത്രീ വീൽ സ്‌കൂട്ടിയിൽ ഒരു ഗോവൻ റൈഡിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ പരിഹസിക്കാനും നിരുത്സാഹപ്പെടുത്താനും ആളുകൾ ഏറെയായിരുന്നു.സ്വയം തീർത്ത തടവറകളിൽ, അവനവന്റെ സുരക്ഷിതഇടങ്ങളിൽ മാത്രം പാർക്കുന്നവർ.

ഈ ചിത്രങ്ങൾ ഗോവ യിൽ നിന്നുള്ളതാണ്.എല്ലാ പരിഹാസങ്ങളെയും അർഹിക്കുന്ന അവഗണനയോടെ പിന്നിലേക്ക് വലിച്ചെറിഞ്ഞ് ആ സ്‌കൂട്ടറിന്റെ ബാക്കിൽ വീല്ചെയറടക്കം കെട്ടി വെച്ച് ഞങ്ങൾ ഗോവയിൽ എത്തിയ ചിത്രങ്ങൾ.

ഒരു ഗോവൻ ride ഏത് ഒരാളെ പോലെയും ഞങൾ രണ്ടാളുടെയും മനസിലും കയറി പറ്റിയിട്ട് നാളേറെയായിരുന്നു.

അങ്ങനെ ഒരു ദിവസം യാത്ര തിരിച്ചു .7 ദിവസത്തെ സുന്ദരമായ യാത്ര .കാഴ്ചകൾ അതിമനോഹരമായിരുന്നു യാത്രയിലുടനീളം.പക്ഷെ പലപ്പോഴും കാഴ്ചകൾക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്.പറഞ്ഞു തീരാത്ത കഥകളുണ്ട്.

റൈഡിന്റെ കാര്യം പറഞ്ഞപ്പോൾ .അനകെന്താ പിരാന്തു ഉണ്ടോ? എന്ന് ചോദിച്ച മഹാന്മാർ ഉണ്ട് .അവരോടു ഒന്നെ പറയാനൊള്ളൂ ഒരു ബുള്ളറ്റും ktm ഉം എല്ലാം വാങ്ങി ട്രിപ്പും പ്ലാൻ ചെയ്തിരിക്കുന്ന ഇങ്ങള് പോകുന്നില്ലെങ്കിൽ പോണ്ട.നിങ്ങൾക്ക് നിങ്ങൾ തന്നെ ഒരുക്കിയ തടവറകളിൽ സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

തളർന്നത് എന്റെ ശരീരമാണ്.അല്ലാതെ മനസ്സല്ല.
കൂടെ കൂടിയവർ Noufal Kaippally Rahul Owlpool
#vipindas_ktni
ഇതൊരു ബോധ്യപ്പെടുത്തലല്ല..
ഉറച്ചു പോയ ചില ബോധങ്ങളോടുള്ള എന്റെ പരിഹാസം മാത്രം.

Exit mobile version