ഇഷ്ടപ്പെട്ട കണക്ക് അധ്യാപികയെ സ്ഥലം മാറ്റി; സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോകാതെ രാവും പകലും ‘പഠിച്ച് കലിപ്പ്’ തീര്‍ത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍

പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇനി അധിക നാളുകള്‍ ഇല്ലെന്നിരിക്കെയാണ് അധ്യാപികയെ സ്ഥലം മാറ്റിയത്.

അരീക്കുഴ: സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ വ്യത്യസ്ത സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ടാകും. ക്യാമ്പസിലെ ജനലുകള്‍ തല്ലിപൊട്ടിച്ചും ഡസ്‌കും ബെഞ്ചുകളും അടിച്ച് തകര്‍ത്തും അനവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. പക്ഷേ ഇവിടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പഠിച്ച് കലിപ്പ് തീര്‍ക്കുകയാണ്. അതിന് പ്രേരിപ്പിക്കുന്നത് മറ്റൊരു വിഷയമാണ്. അവരുടെ ഇഷ്ട കണക്ക് അധ്യാപികയെ സ്ഥലം മാറ്റിയതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥികള്‍ പഠിച്ച് പ്രതിഷേധിക്കുന്നത്.

ഇവരുടെ പ്രതിഷേധം പകല്‍ മാത്രമല്ല, സ്‌കൂളില്‍ നിന്ന് വീട്ടില്‍ പോകുവാന്‍ കൂട്ടാക്കാതെ രാവും പകലുമാണ് പഠിച്ച് പ്രതിഷേധിക്കുന്നത്. അരീക്കുഴ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ പ്രതിഷേധത്തിനു പിന്നില്‍. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇനി അധിക നാളുകള്‍ ഇല്ലെന്നിരിക്കെയാണ് അധ്യാപികയെ സ്ഥലം മാറ്റിയത്. ഈ നടപടിക്കെതിരെ രക്ഷകര്‍ത്താക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്.

ഹൈസ്‌കൂളായി സ്ഥാനക്കയറ്റം വന്നതു മുതല്‍ പത്താം ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന സ്‌കൂളുകളില്‍ ഒന്നാണ് അരീക്കുഴ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍. ഈ വര്‍ഷം 26 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന സ്‌കൂള്‍ മികച്ച വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് അധികൃതരുടെ സ്ഥലംമാറ്റ നടപടി. അധ്യാപികയെ കാഞ്ഞിരമറ്റം ഗവ: ഹൈസ്‌കൂളിലേക്ക് മാറ്റിക്കൊണ്ടാണ് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ഥലംമാറ്റ ഓര്‍ഡറില്‍ ഒപ്പിട്ടിട്ടില്ലെങ്കിലും പുതുതായി ചാര്‍ജെടുത്തതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

Exit mobile version