ക്ലിന്റിന് ഉചിതമായ സ്മാരകമെന്ന സ്വപ്‌നം ബാക്കിയാക്കി പിതാവ് തോമസ് യാത്രയായി; കുടുബ കല്ലറയില്‍ മകന്‍ മാത്രം മതി; ശരീരം ആശുപത്രിക്ക് വിട്ടുനല്‍കണമെന്ന് അന്ത്യാഭിലാഷം

ഉച്ചയ്ക്ക് രണ്ടുവരെ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് കൈമാറും.

കൊച്ചി: ഏഴുവയസിനിടെ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ച അത്ഭുതബാലന്‍ ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് (എംടി ജോസഫ് – 72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചിത്രകലയിലെ അത്ഭുതപ്രതിഭാസമായ എഡ്മണ്ട് തോമസ് ക്ലിന്റെന്ന ബാലനെ കുറിച്ച് അടുത്തകാലത്ത് സിനിമയും പുറത്തിറങ്ങിയിരുന്നു. മകന് ഉചിതമായ സ്മാരകം നിര്‍മിക്കുക എന്ന സ്വപ്നം ബാക്കിവെച്ചാണ് ഈ പിതാവിന്റെ യാത്ര.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. എറണാകുളം മുല്ലപ്പറമ്പില്‍ കുടുംബാംഗമാണ്. ഭാര്യ: ചിന്നമ്മ. ഏലൂര്‍ റോഡില്‍ മഞ്ഞുമ്മലില്‍ ‘മാതൃഭൂമി’ ഓഫീസിനു സമീപത്തുള്ള തറവാട്ടുവളപ്പില്‍ വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് കൈമാറും.

കുഞ്ഞുക്ലിന്റിന്റെ ശവക്കല്ലറയില്‍ അവന്‍ മാത്രം ഉറങ്ങണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. താന്‍ മരിച്ചാന്‍ സെയ്ന്റ് ജോസഫ്സ് പള്ളിയില്‍ കുടുംബക്കല്ലറയില്‍ അടക്കരുതെന്നായിരുന്നു ജോസഫിന്റെ തീരുമാനം. അവന്റെ പേരില്‍ത്തന്നെ എന്നും ആ കല്ലറ നിലനില്‍ക്കണം. ആ തീരുമാനമാണ് ജോസഫിന്റെ ചേതനയറ്റ ദേഹം മെഡിക്കല്‍ കോളേജിന് കൈമാറുവാനുള്ള തീരുമാനത്തിനു പിന്നില്‍.

Exit mobile version